നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും ഒരുമിച്ചഭിനയിച്ച കുടുക്ക് എന്ന ചിത്രത്തിലെ ഗാന രംഗം പുറത്ത് വന്നതോടെ ദുര്‍ഗയ്ക്കെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നു. അപ്പോഴും കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ദുര്‍ഗയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ ശങ്കര്‍. സിനിമയിലെ ലിപ്ലോക്ക് രംഗങ്ങളുമായി ബന്ധപ്പെട്ടാണ് സൈബര്‍ ആക്രമണം. കൂട്ടുപ്രതിയായ താന്‍ സുഖമായി ഉറങ്ങാന്‍ പോകുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയെയും അവരുടെ ഭര്‍ത്താവ് ആയ അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നുവെന്നുമാണ് കൃഷ്ണ ശങ്കര്‍ പറയുന്നത്.
ഇന്ന് കുറച്ചു നേരം മുമ്പ് ദുര്‍ഗ കൃഷ്ണയുടെ ഒരു കോള്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുര്‍ഗയെയും അവരുടെ ഭര്‍ത്താവ് ആയ അര്‍ജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാന്‍ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്.
പക്ഷേ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്ക് മാത്രമാണ്. ഇതിനു മുമ്പ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട്, പക്ഷേ അതില്‍ അഞ്ച് ലിപ്ലോക്കുമുണ്ട്. എന്ന് പറഞ്ഞാല്‍ ലിപ്ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ഏറ്റവും വലിയ ലക്ഷ്യം.
പക്ഷേ അത് തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം എക്സ്പീരിയന്‍സ് കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം നമ്മള് തന്നെ കൊണ്ട് വരണം.
നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍ എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം മുമ്പ് നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക എന്ന് പറഞ്ഞു കൊണ്ടാണ് കൃഷ്ണ വാക്കുകള്‍ അവസാനിപ്പിച്ചത്.