കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ‘കടുവ’ എന്ന ചിത്രം പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ സിനിമയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമ ഇഷ്ടപ്പെട്ടതായും ഇത്തരം മാസ് എന്റടെയ്ന്‍മെന്റ് സിനിമകള്‍ ആവശ്യമാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
‘കടുവ കണ്ടു, ഇഷ്ടപ്പെട്ടു. മലയാളം സിനിമകളില്‍ എന്റര്‍ടെയ്ന്‍മന്റ് സിനിമകള്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഊര്‍ജവും ഉജ്ജ്വലതയും നിറഞ്ഞ പൃഥ്വിരാജിനെ സ്‌ക്രീനില്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വളരെകുറച്ച് അഭിനേതാക്കള്‍ക്ക് മാത്രമാണിതിന് സാധിക്കുന്നത്. ഇങ്ങനെയൊരു കഥാപാത്രത്തിന് അദ്ദേഹം ചേര്‍ന്നതാണ്.
ഷാജി കൈലാസിന്റെ പേര് വീണ്ടും സ്‌ക്രീനില്‍ കാണുമ്പോള്‍ രോമാഞ്ചമുണ്ടായി. പ്രിയ സുഹൃത്ത് രാഹുലും ഈ ആഘോഷത്തില്‍ ഗംഭീരമായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഗംഭീര പ്രമോഷനുകളും. ‘കടുവ’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. തീപ്പൊരി പ്രകടനത്തിന് പൃഥ്വിരാജിന് നന്ദി’ ഉണ്ണി മുകുന്ദന്‍ കുറിച്ചു.
തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച ഓപ്പണിങ്ങ് ആണ് കേരളത്തില് നിന്നും ലഭിച്ചത്. സിനിമ ആദ്യദിനത്തില്‍ നാല് കോടിയോളം രൂപയാണ് കളക്റ്റ് ചെയ്തത്. പ്രീ റിലീസ് കളക്ഷന്‍ മാത്രം 86 ലക്ഷം രൂപയാണ്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. എട്ടില്‍ അധികം രാജ്യങ്ങളിലും സിനിമ റിലീസിനെത്തിയിട്ടുണ്ട്.