പല ട്രോഫികളും നഷ്ടമായി… എങ്കിലും ആദ്യ സമ്മാനം ഈ ചന്ദനതിരി സ്റ്റാന്‍ഡ് തന്നെ.. ഓർമ്മകളുമായി സരയൂ

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് സരയൂ മോഹന്‍. ചെറും വലുതുമായ വേഷങ്ങളില്‍ സിനിമയില്‍ അഭിനയിച്ച്‌ ശ്രദ്ധ നേടുകയായിരുന്നു. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയൂ മലയാളികള്‍ക്ക് പരിചിതയാകുന്നത്. പിന്നീട് ഹസ്ബന്‍റ്സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും സരയൂ വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു വ്യക്തിപരമായ വിശേഷങ്ങളും ഓര്‍മ്മകളുമൊക്കെ അവിടെ പങ്കുവെക്കാറുണ്ട്.

കുട്ടിക്കാലത്ത് തനിക്കു കിട്ടിയ സമ്മാനങ്ങളുടെ ഓര്‍മ്മയാണ് സരയൂ കഴിഞ്ഞ ദിവസം പങ്കുവച്ചത്. വീട് വൃത്തിയാക്കലിനിടെ പഴയതെല്ലാം പൊടിതട്ടി വയ്ക്കുകയായിരുന്നു. കുറെയേറെ സമ്മാനങ്ങള്‍ നഷ്ടമായെന്നും എന്നാല്‍ ആദ്യം കിട്ടിയതും മറ്റും സൂക്ഷിച്ചുതന്നെ വച്ചിട്ടുണ്ടെന്നും സരയൂ പറയുന്നു. സരയൂവിനെക്കാള്‍ സന്തോഷത്തോടെയാണ് മിക്ക ആരാധകരുടെയും കമന്‍റുകള്‍. ഇതൊക്കെ ഒരുകാലത്തെ ‘സ്‌റ്റേറ്റ് അവാര്‍ഡുകളാ’ണെന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചുവയ്ക്കണമെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

സരയു കുറിച്ചത് ഇങ്ങനെയായിരുന്നു…

“ഞാനും ഒരു വര്‍ണ്ണ പട്ടമായിരുന്നു. ‘വീടുമാറലുകളും ഓടിപ്പാഞ്ഞ വര്‍ഷങ്ങളും ഇത്രേ ഇപ്പോള്‍ ബാക്കി വെച്ചിട്ടുള്ളൂ… സ്‌കൂള്‍, കോളേജ് കാലത്തെ കലാ താല്പര്യങ്ങളുടെ ഓര്‍മ്മബാക്കികള്‍… വെട്ടി തിളങ്ങുന്ന അസംബ്ളി നേരങ്ങളില്‍, തിക്കും തിരക്കും നിറഞ്ഞ യുവജനോത്സവ വേദികളില്‍, ബഹളങ്ങള്‍ മാറിനിന്ന ചില സാഹിത്യമത്സരങ്ങളില്‍, ഒക്കെ കൈനീട്ടി വാങ്ങിയവ!. പല ട്രോഫികളും നഷ്ടമായെങ്കിലും ആദ്യമായി കിട്ടിയ സമ്മാനം ഇക്കൂട്ടത്തില്‍ ഉണ്ട്.

ആദ്യ സമ്മാനം ഈ ചന്ദനതിരി സ്റ്റാന്‍ഡ് തന്നെ… അന്ന് തന്നെ വാങ്ങിയ മറ്റൊരു സമ്മാനമാണ് ഈ സ്റ്റീല്‍ പ്ലേറ്റ്. ഓമന തിങ്കള്‍ കിടാവോ പാടിയിട്ട്! വീട്ടിലേക്ക് കണ്ടറിഞ്ഞുള്ള എന്‍റെ വിലപ്പെട്ട സംഭാവനകള്‍. ചിരിക്കാന്‍ അറിയാത്ത, വെള്ള റിബ്ബണ്‍ കെട്ടിയ കുട്ടി മനസ്സ് നിറഞ്ഞു ശമ്മാനം വാങ്ങുന്നത് രണ്ടാം പടം…”

Noora T Noora T :