നടന്‍ വിജയ് ബാബു തനിക്കെതിരെയുള്ള ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്. കേസ് പിന്‍വലിക്കാന്‍ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നേരത്തെ അതിജീവിത പറഞ്ഞിരുന്നു. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു ഓഡിയോയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുവിനോടാണ് വിജയ് ബാബു ഇതേ കുറിച്ച് പറയുന്നത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
‘ഞാന്‍ മരിക്കും, കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും, ജീവിച്ചിരിക്കില്ല. ഈ കുട്ടിക്ക് ഞാന്‍ നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് പുറത്ത് പോയാല്‍ ആഘോഷിക്കപ്പെടും. ഞാന്‍ ട്രിഗര്‍ ചെയ്തു, എന്നത് സത്യമാണ്. അത് അക്‌സെപ്റ്റ് ചെയ്യുന്നു. ഞാന്‍ മാപ്പ് പറയാം. കാല് പിടിക്കാം. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. എല്ലാത്തിനും ഒരു സൊല്യൂഷനില്ലേ, എന്തെങ്കിലും ചെയ്‌തെന്ന് വെച്ച് പൊലീസ് കേസാണോ അതിന്റെ സൊലൂഷന്‍’ വിജയ് ബാബു പറയുന്നു. തന്റെ അമ്മയും ഭാര്യയും അവരുടെ അമ്മയുമൊക്കെ വല്ലാത്ത അവസ്ഥയിലാണെന്നും അവരുടെ അവസ്ഥകൂടി നോക്കേണ്ടേ എന്നും വിജയ് ബാബു ചോദിക്കുന്നുണ്ട്.
ഈ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വിജയ് ബാബു പ്രതികരിക്കുകയും ചെയ്തു. നിശബ്ദതയാണ് ഏറ്റവും വലിയ ഉത്തരമെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങളുടെ ഏത് വിധേനയുള്ള പ്രകോപനവും പരിഗണിക്കില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമങ്ങളോട് മിണ്ടാതിരിക്കേണ്ടി വരുന്നത്. അന്വേഷണത്തോട് നൂറു ശതമാനവും സഹകരിക്കുന്നുണ്ട്. സത്യം പുറത്ത് വരിക തന്നെ ചെയ്യും. സത്യം പുറത്ത് വരുന്നത് വരെ താന്‍ ഇങ്ങനെ തന്നെ തുടരും. ദൈവം അനുഗ്രഹിക്കട്ടെ എന്നും വിജയ് ബാബു പറഞ്ഞിരുന്നു.
അതേസമയം, എറണാകുളം സൗത്ത് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോകാനായി വിജയ് ബാബുവിനെ തിങ്കളാഴ്ച വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നും നേരത്തേ അറിയിച്ചിരുന്നു. മുന്‍പ് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി യു കുര്യക്കോസ് അറിയിച്ചിരുന്നു. അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തതായി വ്യക്തമായി.
അതുപ്രകരമുള്ള നടപടികള്‍ സ്വീകരിക്കും. വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡിസിപി വ്യക്തമാക്കി. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിനായി സ്ഥലത്ത് എത്തിക്കും. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം വിശദമായ ചോദ്യം ചെയ്യല്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. വൈകുന്നേരം ആറു മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെവച്ചാണ് ലൈംഗികമായും ശാരീരികമായും പീഡനത്തിനിരയായതെന്ന് നടി വ്യക്തമാക്കിയിരുന്നു. വിവിധ ഹോട്ടലുകളില്‍ വെച്ച് പീഡനം നടന്നുവെന്ന് നടി മൊഴി നല്‍കിയതിനാല്‍ വരും ദിവസങ്ങളില്‍ ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ച പാറ്റേണ്‍ അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന അതേ പാറ്റേണ്‍ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. അതിനിടെ താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകള്‍ക്ക് നേരെ അക്രമം നടത്തുന്നവരെ സംഘടനകള്‍ സംരക്ഷിക്കരുതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.