ഞങ്ങൾ ആ പ്ലാൻ പറഞ്ഞപ്പോൾ പോടാ പ്രാന്തന്‍മാരെ അതൊന്നും നടക്കില്ല; എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി ഷറഫുദ്ദീന്‍ പറയുന്നു !

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇപ്പോഴിതാ സിനിമയില്‍ എത്താനും സിനിമയില്‍ നില്‍ക്കാനും തുടരാനുമൊക്കെ തനിക്ക് പ്രചോദനമായത് സംവിധായകന്‍ അല്‍ഫോണ്‍ പുത്രനാണെന്ന് പറയുകയാണ് നടന്‍ ഷറഫുദ്ദീന്‍. താനും കിച്ചുവും ശബരീഷുമൊക്കെ പലപ്പോഴും സിനിമയില്‍ ഒന്നുമാകാന്‍ കഴിയില്ലെന്ന് കരുതിയ സമയത്ത് പോലും തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയത് അല്‍ഫോണ്‍സ് ആണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത് .

നിവിന്‍ പോളി പറഞ്ഞ ഒന്നുരണ്ട് വാക്കാണ് സിനിമയില്‍ തന്നെ പിടിച്ചു നിര്‍ത്തിയതെന്ന് കിച്ചു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ടീമില്‍ ഷറഫുദ്ദീന് ഏറ്റവും പ്രചോദനമായത് ആരാണെന്നുമുള്ള ചോദ്യത്തിന് കിച്ചു ഫീല്‍ഡ് വിട്ടുപോകാന്‍ തീരുമാനിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ചൂലെടുത്ത് അടിച്ചേനെ എന്നുമായിരുന്നു ഷറഫുദ്ദീന്റെ മറുപടി.അങ്ങനെ അവന് തോന്നിയിരുന്നെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഒരു അവസ്ഥയൊന്നുമില്ല. പിന്നെ സിനിമ എന്ന് പറഞ്ഞ് ഞങ്ങള്‍ നിന്നിരുന്ന കാലം. കിച്ചുവിന് അന്ന് ഒരു പ്രേമവും കാര്യങ്ങളുമൊക്കെയുണ്ട്. സിനിമയിലേക്കൊന്നും എത്തിയിട്ടില്ല. ഞങ്ങള്‍ ഗോപൂസില്‍ ചായ കുടിച്ചു നടക്കുന്ന കാലം.

അല്‍ഫോണ്‍സ്, ശബരി, വിഷ്ണു ശങ്കര്‍ (സൗണ്ട് ഡിസൈനര്‍) ഇവരെല്ലാം ചെന്നൈയിലാണ് പഠിച്ചത്. ഞാന്‍ കിച്ചു മുഹ്‌സിന്‍ എന്നിവര്‍ ആലുവയിലാണ്. അല്‍ഫോണ്‍സ് വെക്കേഷന് വരുമ്പോഴാണ് ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നത്. ഞങ്ങള്‍ ഇവിടേയും അവര്‍ അവിടേയും ചായക്കടയില്‍ സിനിമ ചര്‍ച്ചയുമായി നില്‍ക്കുന്നു.

ഇടയ്ക്ക് ഈ പറഞ്ഞ പോലെ ചില പ്രതിസന്ധി വരും. അങ്ങനെ കിച്ചുവിന് ഒരു പ്രതിസന്ധി വന്നപ്പോള്‍ കിച്ചു ബിസിനസ് എന്ന് പറഞ്ഞ് പോയി പിന്നെ അത് വിട്ട് തിരിച്ചുവന്നു. അങ്ങനെ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി ഒരു ഫൂട്ട്‌വെയര്‍ കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് ഇറങ്ങി.

കുറച്ചുനാള്‍ ആലുവയില്‍ ഇറങ്ങി ഫൂട്ട്‌ഫെയര്‍ ഷോപ്പുകളിലൊക്കെ കയറിയിറങ്ങി. ചെരുപ്പുകളൊക്കെ നോക്കി(ചിരി) ഇങ്ങനെ പല പ്ലാനുകളാണ്. ഇതിനിടെ അല്‍ഫോണ്‍സ് വരും. ഇപ്പോള്‍ എന്താണ് പരിപാടി എന്ന് ചോദിക്കും. ഞങ്ങള്‍ ഒരു ഫൂട്ട് വെയര്‍ കമ്പനി തുടങ്ങിയാലോ എന്ന് ആലോചിക്കുവാണ് എന്ന് പറഞ്ഞു. പോടാ പ്രാന്തന്‍മാരെ അതൊന്നും നടക്കുകയൊന്നുമില്ല. സിനിമയെന്ന് പറഞ്ഞാല്‍ സിനിമ മാത്രം ഫോക്കസ് ചെയ്ത് നില്‍ക്കണമെന്ന് അല്‍ഫോണ്‍സ് പറഞ്ഞു.

ആ ആഗ്രഹവുമായി മാത്രം മുന്നോട്ടുപോകണമെന്നും പറഞ്ഞു. സിനിമയില്‍ നിന്ന് കുറച്ചൊന്ന് മാറി നില്‍ക്കണമെന്ന് ഞങ്ങള്‍ ആലോചിക്കുമ്പോള്‍ അല്‍ഫോണ്‍സാണ് വീണ്ടും വന്നിട്ട് ഞങ്ങളെ ഇതിനകത്ത് തന്നെ പിടിച്ചുനിര്‍ത്തുന്നത്. അതുപോലെ തന്നെ അല്‍ഫോണ്‍സ് ഞങ്ങളെ സിനിമയില്‍ എത്തിച്ചു. നേരം എന്ന ചിത്രത്തിലൂടെ കൊണ്ടുവന്നു. പ്രേമത്തില്‍ അവസരം തന്നു. ഞങ്ങളുടെ പ്രചോദനം അല്‍ഫോണ്‍സ് തന്നെയാണ്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

AJILI ANNAJOHN :