പു ക സ എന്നാല്‍ ‘പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം; ഹരീഷ് പേരടിക്ക് പിന്തുണയുമായി ജോയ് മാത്യു !

പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് നടന്‍ ഹരീഷ് പേരടിയെ മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്.മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചെന്ന പേരിലായിരുന്നു പു ക സ ഹരീഷ് പേരടിയെ അവസാന നിമിഷം വിലക്കിയത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉടലെടുത്തെന്ന മറുപടിയാണ് പു ക സ ഭാരവാഹികള്‍ ഹരീഷ് പേരടിയെ അറിയിച്ചത്.

സംഭവത്തിന് പിന്നാലെ ഹരീഷ് പേരടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഹരീഷിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സത്യം വിളിച്ചു പറയുന്നവരെ സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്…

സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണ് – അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ നിന്നും പു .ക .സ എന്ന പാര്‍ട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത് .പു ക സ എന്നാല്‍ ‘പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം ‘എന്നായതിനാല്‍ ഹരീഷ് സന്തോഷിക്കുക .

സ്വന്തം തീര്‍ച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ് .- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം, പു ക സ വിലക്കിന് പിന്നാലെ പ്രതികരിച്ച് ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. കലാകാരന്‍ അവന്റെ കടമ നിര്‍വഹിച്ച് മുന്നോട്ടു പോകുമ്പോള്‍ പ്രത്യോക രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.

ചടങ്ങില്‍ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നതിനുള്ള കാരണം അവര്‍ തന്നെയാണ് പറയേണ്ടതെന്നും ഹരീഷ് പേരടി പറഞ്ഞു.പരിപാടിയില്‍ നിന്ന് വിലക്കിയ കാര്യം ഹരീഷ് പേരടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ അവര്‍ അറിയിച്ചെന്ന് ഹരീഷ് പേരടി പറഞ്ഞു.

ശാന്തന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

AJILI ANNAJOHN :