അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അര്‍ത്ഥശൂന്യമായ മറുപടി തന്നെ ഇനിയും പറയും, സുരാജിന് നായികയില്ലാത്തതിന്റെ കാര്യം ഞങ്ങളോടല്ല അന്വേഷിക്കേണ്ടത് ; വിവാദ പരാമര്‍ശത്തില്‍ അലന്‍സിയര്‍!

മാധ്യമപ്രവര്‍ത്തകര്‍ അര്‍ത്ഥശൂന്യമായ ചോദ്യം ചോദിച്ചതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്നും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണോ അവരില്‍ നിന്നുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഡബ്ല്യു.സി.സിയെ കളിയാക്കിയിട്ടില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു

കഴിഞ്ഞ ദിവസം ഹെവന്‍ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടയിലാണ് ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം അലന്‍സിയര്‍ നടത്തിയത്.സുരാജിന്റെ നായിക കഥാപാത്രത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘
ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,”

എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അര്‍ത്ഥശൂന്യമായ മറുപടി തന്നെ ഇനിയും പറയും. സുരാജിന് നായികയില്ലാത്തതിന്റെ കാര്യം ഞങ്ങളോടല്ല അന്വേഷിക്കേണ്ടത്. സംവിധായകനോടും തിരക്കഥാകൃത്തിനോടുമാണ്. അവരുടെ ചിത്രത്തില്‍ നായിക വേണമോ വേണ്ടയോ എന്നൊക്കെ അവരാണ് നിശ്ചയിക്കേണ്ടത്. അല്ലാതെ താരങ്ങളല്ല. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണോ അവരില്‍നിന്നുണ്ടായത്.

ഒരാള്‍ക്കറിയേണ്ടത് ഞാന്‍ പ്രധാനമന്ത്രിയുമായി ഇപ്പോള്‍ പ്രേമത്തിലാണല്ലോ എന്നാണ്. ചോദിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെങ്കില്‍ ഉത്തരം പറയാനുള്ള അവകാശം എനിക്കുമുണ്ട്. ഇതുപോലെ അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് എനിക്ക് അങ്ങനെ മറുപടി അത് ആ ചോദ്യം ചോദിച്ചവരോടുള്ള എന്റെ പരിഹാസമായിരുന്നു. അത് അറിഞ്ഞുതന്നെയാണ് ഞാന്‍ പറഞ്ഞതും. അതല്ലാതെ ഡബ്ല്യു.സി.സിയെ അല്ല ഞാന്‍ പരിഹസിച്ചത്. ഡബ്ല്യു.സി.സി നിലവില്‍ വന്നപ്പോള്‍ അങ്ങനെയൊരു സംഘടന വേണമെന്ന് ആഗ്രഹിച്ച ഒരാളാണ് ഞാന്‍,’ അലന്‍സിയര്‍ പറഞ്ഞു.

‘അല്ലെങ്കിലും സംഘടനകള്‍ തമ്മില്‍ ആശയപരമായ എതിര്‍പ്പുകള്‍ മാത്രമാണുള്ളത്. അവര്‍ ഇപ്പോഴും പരസ്പരം സഹകരിക്കുന്നുണ്ട്. അമ്മയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട എത്രയോ സിനിമകളില്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്തിന്, ഞാനിപ്പോള്‍ അഭിനയിക്കുന്നതുപോലും പാര്‍വതി തിരുവോത്തിനോടൊപ്പമാണ്. (ക്രിസ്റ്റോ സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം) അതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍ ഉള്ളത്.

എനിക്ക് എല്ലാവരോടും ബഹുമാനമേയുള്ളൂ. ആരും എന്റെ ശത്രുക്കളുമല്ല. കളിയേത് കാര്യമേത് എന്ന് തിരിച്ചറിയാത്തവരോട് ഞാനെന്ത് പറയാനാണ്?’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AJILI ANNAJOHN :