ഇന്ന് നിർണായക വാദം,ആ ഇടിവെട്ട് തെളിവ് കോടതിയിൽ ഹാജരാക്കും ; ഇനി ദിലീപിന്റെ അറസ്റ്റിലേക്കോ ?

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിക്കിട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും തെളിവുകള്‍ ഹാജരാക്കാനുമുള്ള ശ്രമത്തിലുമാണ് പൊലീസ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണ കോടതിയിൽ ഇന്നും വാദം തുടരും. ഇന്ന് പ്രതിഭാഗത്തിന്റെ വാദമാണ് നടക്കുക. നേരത്തേ കേസിൽ പ്രോസിക്യൂഷൻ നിരത്തുന്നത് തെറ്റായ വാദങ്ങളാണെന്നും നടനെതിരെ തെളിവായി ഹാജരാക്കുന്നത് പഴയ രേഖകളാണെന്നുമായിരുന്നു പ്രതിഭാഗം പറഞ്ഞത്.

ദിലീപിന്റേയും കൂട്ടരുടേയും ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ദിലീപ് അടക്കമുള്ളവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ശബ്ദ രേഖകള്‍ അടക്കം കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു, അഭിഭാഷകർ വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. ദിലീപിന്റെ വീട്ടിലെ വാച്ച്മാനായിരുന്ന ദാസനെ അഭിഭാഷകർ ഇടപെട്ട് മൊഴിമാറ്റിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല മറ്റൊരു സാക്ഷിയായ സാഗർ വിൻസെന്റിനെ സ്വാധീനിക്കാനുള്ള ശ്രമവും ദിലീപ് നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിന് ദിലീപ് ഭീഷണിക്കത്ത് അയച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം തെറ്റാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പറയുന്ന ദിവസം തനിക്ക് കൊവിഡ് ആയിരുന്നുവെന്നാണ് അഭിഭാഷകനായ രാമൻപിള്ള കോടതിയിൽ പറഞ്ഞത്. വിപിൻ ലാലിന്റെ ഭീഷണി കത്ത് അന്വേഷണ സംഘം വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം കോടതിൽ ആരോപിച്ചിരുന്നു. സാഗർ വിൻസെന്റിനെ പ്രതിഭാഗം അഭിഭാഷകർ കണ്ടത് ദിലീപ് ജയിലിൽ കഴിയുമ്പോഴാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്ന ആവശ്യവും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകിയ തെളിവുകൾ ഉള്ള പെൻഡ്രവൈ് സൈബർ പരിശോധനയ്ക്ക് വിധേയമാക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

കേസിൽ വാദം നടക്കുന്നതിനിടെ സാക്ഷികളെ സ്വാധീനിച്ചതിനുള്ള പ്രധാന തെളിവായി ഈ പെൻഡ്രൈവിലെ ശബ്ദ സന്ദേശമായിരുന്നു പ്രോസിക്യൂഷൻ കേൾപ്പിച്ചത്. ഈ സാഹചര്യത്തിലായിരുന്നു പൈൻഡ്രൈവിന്റെ ആധികാരികത പരിശോധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. മാത്രമല്ല ശബ്ദര രേഖ റെക്കോഡ് ചെയ്ത ഉപകരണങ്ങളും ഹാജരാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.


ദിലീപിന്റേത് ഉൾപ്പെടെയുള്ള ശബ്ദ സന്ദേശങ്ങൾ ടാബിലായിരുന്നു റെക്കോഡ് ചെയ്തതെന്നും ഇത് കേടായപ്പോൾ ഫയലുകൾ ലാപ്പിലേക്ക് മാറ്റിയ ശേഷം വിവരങ്ങൾ പെൻ‍ഡ്രൈവിലേക്ക് മാറ്റുകയാണെന്നായിരുന്നു ബാലചന്ദ്രകുമാർ നൽകിയ മൊഴി. എന്നാൽ ഇത് സംബന്ധിച്ച് പോലീസിന്റേയും ബാലചന്ദ്രകുമാറിന്റേയും വാദങ്ങളിൽ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു. അതേസമയം ഇന്ന് കേസ് പരിഗണിക്കവേ പെൻഡ്രൈവിന്റെ സൈബർ പരിശോധന ഫലം അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

അതിനിടെ നടി ആക്രമിപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്ന റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി പരിഗണിക്കും. മെമ്മറികാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.നേരത്തെ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു.ദൃശ്യങ്ങൾ ആക്സസ് ചെയ്തിട്ടുണ്ടെന്ന് എഫ് എസ് എൽ പരിശോധനയിലായിരുന്നു കണ്ടെത്തിയത്.

AJILI ANNAJOHN :