എന്നെ പലരും കളിയാക്കുന്നുണ്ടാകും. അതെല്ലാം അവരെ വിഷമിപ്പിക്കുന്നുണ്ടാകും എന്ന് എനിക്ക് അറിയാം; ഉമ്മ വേദനകൊണ്ട് പുളയുന്നത് പലപ്പോഴും ഞാൻ കണ്ട് വിഷമിച്ചിട്ടുണ്ട്; റിയാസ് കടന്നുവന്ന ജീവിതം!

ബി​ഗ് ബോസ് സീസൺ ഫോറിൽ റിയാസ് സലീം ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് വിനയ് മാധവിനൊപ്പം റിയാസ് ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്. റിയാസ് എത്തിയതോടെ മലയാളി കുടുംബപ്രേക്ഷകർക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത കുറെ ആശയങ്ങളും കേൾക്കേണ്ടി വന്നു. എന്നാൽ , പതിയെ പതിയെ മനുഷ്യരിൽ ഇതെല്ലാം വളരെ സ്വാഭാവികമാണ് എന്ന് മനസിലാക്കാനുള്ള പക്വതയും അവർക്ക് കിട്ടിത്തുടങ്ങി.

ഒൻപത് വർഷമായി ബിഗ് ബോസ് പ്രേക്ഷകനാണ് റിയാസ്. ഇപ്പോൾ ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുക്കുകയാണ് റിയാസിന്റെ ലക്ഷ്യം. അതിന് മുന്നോടിയായാണ് റിയാസ് ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്.

വന്ന ആദ്യ ദിവസം മുതൽ ഈ നിമിഷം വരേയും റിയാസ് വീട്ടിൽ സജീവമാണ്. ഒരു പക്ക ബി​ഗ് ബോസ് മെറ്റീരിയലാണ് റിയാസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. വീഡിയോ ക്രിയേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് റിയാസ്.

കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് റിയാസ് സലിം. എഞ്ചിനീയറിങ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുണ്ട്. താനൊരു ഫെമിനിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന റിയാസ് ബി​ഗ് ബോസിൽ ഒരു സേഫ് ​ഗെയിമിന് താൽപര്യമില്ലെന്നും തുറന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ് വീട്ടിലേക്ക് പ്രവേശിച്ചത്.

ആ നിലപാട് ഇപ്പോഴും റിയാസ് പിന്തുടരുന്നുണ്ട്. പിന്തുണ കൂടുതലുള്ള വ്യക്തിയാണെങ്കിലും അല്ലെങ്കിലും മുഖം നോക്കാതെ റിയാസ് സംസാരിക്കും. പുറത്ത് നിന്ന് കളി കണ്ടിട്ട് വന്ന വ്യക്തിയാണ് റിയാസ്. റോബിന്റെ ജനപിന്തുണയെ കുറിച്ച് നല്ല ബോധ്യവും റിയാസിനുണ്ടായിരുന്നു.

എന്ന് കരുതി ഹൗസിനുള്ളിൽ ചെന്ന് റോബിന്റെ ഇഷ്ടം നേടി ജീവിക്കാനോ വോട്ട് അതുവഴി സമ്പാദിക്കാനോ ശ്രമിച്ചില്ല. പകരം റോബിനെ എതിർത്ത് നിന്ന് കൂർമ്മ ബുദ്ധിയെല്ലാം പ്രയോ​ഗിച്ച് റോബിനെ മത്സരത്തിൽ നിന്ന് പുറത്താക്കാനാണ് റിയാസ് ശ്രമിച്ചത്.

പുറത്ത് അത്രയേറെ ജനപിന്തുണയുള്ള വ്യക്തികളെ വൈൽഡ് കാർഡുകൾ വളരെ സൂക്ഷിച്ച് മാത്രമെ ആക്രമിക്കാറുള്ളൂ. പക്ഷെ റിയാസ് അതൊന്നും വിഷയമാക്കാതെ തനിക്ക് പറായനുള്ളതെല്ലാം ഉച്ചത്തിൽ പറഞ്ഞു. റോബിനെ പുറത്താക്കിയപ്പോൾ റിയാസും പ്രതീക്ഷിച്ചത് താൻ പുറത്താകും എന്നായിരിക്കാം.. എന്നാൽ., മലയാളികൾക്ക് റിയാസിനെ വേണമായിരുന്നു.

വന്ന ആദ്യ ആഴ്ച മുതൽ ജയിലിൽ പോകുന്ന വ്യക്തിയാണ് റിയാസ്. വീടിനകത്തും പുറത്തും റിയാസിന് പിന്തുണ വളരെ കുറവാണ്. തക്കം കിട്ടുമ്പോഴെല്ലാം റിയാസിനെ പുറത്താക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പക്ഷെ റിയാസ് അതിൽ‌ നിന്നെല്ലാം രക്ഷപ്പെടുകയാണ്. പതിനൊന്നാം ആഴ്ച റിയാസ് പുറത്താകുമെന്നാണ് പ്രേക്ഷകരടക്കം എല്ലാവരും വിശ്വസിച്ചിരുന്നത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു അഖിലാണ് പുറത്തായത്. പതിനൊന്നാം ആഴ്ചയിലെ പ്രകടനത്തിൽ നോമിനേഷൻ ഫ്രീ കാർഡ് കൂടി കിട്ടിയതിനാൽ റിയാസ് ഫൈനൽ ഫൈവിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇപ്പോൾ റിയാസ് തന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എത്രത്തോളം താൻ അവരെ സ്നേഹിക്കുന്നുവെന്ന് സഹമത്സരാർഥികളോട് വിവരിക്കുമ്പോൾ റിയാസ് കരയുന്നുണ്ടായിരുന്നു,. ‘ഉമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചത്. ഇപ്പോഴും ഉമ്മയും ഉപ്പയും എനിക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. അവനവന് വേണ്ടി ജീവിക്കാനുള്ള സമയം അവർ എനിക്ക് വേണ്ടി മാറ്റി വെയ്ക്കുന്നത് ഞാൻ മനസിലാക്കുന്നുണ്ട്.’

‘ഉമ്മയ്ക്ക് നിരവധി അസുഖങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. എല്ലാ 21 ദിവസം കൂടുമ്പോഴും ഉമ്മയെ പരിശോധനയ്ക്ക് വിധേയയാക്കേണ്ടതുണ്ട്. അവരുടെ ശബ്ദം കേൾക്കാതെ ഞാൻ ഇത്രയും നാൾ നിന്നിട്ടില്ല. എന്നെ പലരും കളിയാക്കുന്നുണ്ടാകും. അതെല്ലാം അവരെ വിഷമിപ്പിക്കുന്നുണ്ടാകും എന്ന് എനിക്ക് അറിയാം. ബി​ഗ് ബോസ് കഴിഞ്ഞ് ഇറങ്ങുമ്പോൾ മുതൽ ഉമ്മയുടേയും ഉപ്പയുടേയും പ്രശ്നങ്ങൾ കുറച്ചെങ്കിലും ഇല്ലാതാക്കണം എന്നാണ് എന്റെ ആ​​ഗ്രഹം.’

‘എന്റെ ജീവിതം എന്താണെന്ന് പറയാൻ സുചിത്ര ചേച്ചി അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ഞാൻ തയ്യാറായിരുന്നില്ല. എനിക്ക് അത് വിളിച്ച് പറയുന്നതിനോട് താൽപര്യമില്ല. ഞാനാണ് വീട്ടിലെ കാര്യങ്ങൾ ഏറെയും നോക്കാൻ ഉമ്മയെ സഹായിച്ചിരുന്നത്.

ഞാനില്ലാതെ അവർ എങ്ങനെ മുന്നോട്ട് ജീവിക്കുന്നുവെന്നത് ഓർക്കുമ്പോൾ വിഷമമുണ്ട്. ഉമ്മ വേദനകൊണ്ട് പുളയുന്നത് പലപ്പോഴും ഞാൻ കണ്ട് വിഷമിച്ചിട്ടുണ്ട്. അപ്പോഴും എന്റെ സന്തോഷത്തിന് പ്രാധാന്യം നൽകുന്നതാണ് അവരുടെ ഇഷ്ടം’ റിയാസ് പറയുന്നു.

about biggboss

Safana Safu :