ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധാ കപൂറിന്റെ സഹോദരനുമായ നടന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍; മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞുവെന്ന് പോലീസ്

ലഹരിമരുന്ന് കേസില്‍ നടന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റിലായി. ബംഗളുരുവില്‍ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. നടന്‍ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധാ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍.

സിദ്ധാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായതെന്നാണ് ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് അതിഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തുന്നത്.

തുടര്‍ന്ന് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത 35 അതിഥികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതില്‍ സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Vijayasree Vijayasree :