ഒരു മുഖ്യമന്ത്രി അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടതാണ്; ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഞാന്‍ അധ്വാനിച്ചാല്‍ മാത്രമേ എന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാന്‍ സാധിക്കുകയുള്ളു, ഈ മാസ്‌ക് സംഭവം കാണുമ്പോള്‍ വല്ലാതെ അസ്വസ്ഥത തോന്നുന്നുവെന്ന് മേജര്‍ രവി

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അത്തരമൊരു ഉത്തരവ് ഉണ്ടായിട്ടില്ല. വാര്‍ത്ത കേട്ടയുടന്‍ താന്‍ എ എ റഹീം എംപി ഉള്‍പ്പടെ നിരവധി സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചിരുന്നു. ചില സമ്മേളന സ്ഥലങ്ങളില്‍ സംഘാടകര്‍ ആണ് കറുത്ത മാസ്‌ക് ധരിക്കരുത് എന്ന് പറഞ്ഞത്. മാധ്യമങ്ങള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

കറുപ്പ് ഇട്ടാല്‍ പ്രശ്നമാകും, മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട് കറുപ്പ് കണ്ടാല്‍ അവനെ പിടിച്ച് അറസ്റ്റ് ചെയ്യണം എന്നൊക്കെ വാര്‍ത്തകള്‍. അങ്ങനെയാണെങ്കില്‍ എന്റെ തലമുടിയും മീശയുമെല്ലാം കറുപ്പാണ്. ഒരു മുഖ്യമന്ത്രി അത്തരമൊരു ഉത്തരവ് ഇറക്കിയ്ട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടതാണ്. പണ്ട് കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചപ്പോള്‍ ഭയങ്കര കോലാഹലം ഉണ്ടായിരുന്നു. അതിപ്പോള്‍ കോണ്‍ഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും മുസ്ലിം ലീഗ് ആയാലും അന്ന് പ്രതിഷേധിച്ചിരുന്നു.

അന്ന് ഞാന്‍ പ്രതികരിച്ചില്ല. എന്തൊക്കെ കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് നേതാക്കന്മാരല്ല. ആര് തന്നെയായാലും നന്നായി ഭരിച്ചാല്‍ ഞാന്‍ ഇടപെടാറില്ല. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഞാന്‍ അധ്വാനിച്ചാല്‍ മാത്രമേ എന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാന്‍ സാധിക്കുകയുള്ളു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ കൈ വിട്ടുപോകുന്ന കളികള്‍ കാണുമ്പോള്‍ ഞാന്‍ പ്രതികരിക്കാറുമുണ്ട്.

ഈ മാസ്‌ക് സംഭവം കാണുമ്പോള്‍ വല്ലാതെ നമുക്ക് അസ്വസ്ഥത തോന്നുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ആണോ ഇത് സംഭവിക്കുന്നത്. എനിക്ക് സഹോദരനെ പോലുള്ള എ എ റഹീം എംപിയെ ബന്ധപ്പെട്ടു. അതിന് ശേഷം ഞാന്‍ എന്റെ ചില സുഹൃത്തുക്കളോടും സംസാരിച്ചു. അവിടെ നിന്ന് കിട്ടിയ അറിവ് എന്തെന്നാല്‍ മുഖ്യമന്ത്രി ഒരിക്കലും ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ല.

മാധ്യമങ്ങളോടാണ് ഒരു കാര്യം പറയാനുള്ളത്. നിങ്ങള്‍ ജനങ്ങളോട് ഉത്തരവാദിത്തം ഉള്ളവരാണ്. അങ്ങനെയുള്ള ജനങ്ങളോട് സത്യസന്ധമല്ലാതെ പ്രക്ഷോപം ഉണ്ടാക്കാനായി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അത് ഈ സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണ്. അത് ഏത് മാധ്യമം ചെയ്താലും. കാരണം കമ്മ്യൂണിസ്റ്റിനെ ചെറുക്കുന്ന ഒരുപാട് പേര്‍ ഇവിടുണ്ട്. അവര്‍ ഇത് പങ്കുവെക്കും.

ഏതോ ഒരു സമ്മേളന സ്ഥലത്ത് സംഘാടകര്‍ പറഞ്ഞു കറുപ്പ് ഇട്ടുകൊണ്ട് വരുവാന്‍ പാടില്ല എന്ന്. ഒരു കാര്യത്തിന്റെ സത്യസന്ധത മനസ്സിലാക്കാതെ വെട്ടുകത്തിയുമെടുത്ത് ഇറങ്ങി കഴിഞ്ഞാല്‍ നമ്മുടെ മനസമാധാനം ആണ് നഷ്ടമാകുന്നത്. നമ്മുടെ മനസമാധാനം നഷ്ടമാകാനുള്ള നിരവധി അവസരങ്ങള്‍ ഇവരെല്ലാം ഉണ്ടാക്കി തരുന്നുണ്ട്. മീഡിയയില്‍ കയറിയിരുന്നു എന്തും വിളിച്ച് പറയാം എന്ന് വിശ്വസിക്കുന്നവര്‍ ജനങ്ങളെ മണ്ടന്മാരാക്കുന്നത് ആണ് നമ്മള്‍ ഇപ്പോള്‍ നോക്കുന്നത്.

Vijayasree Vijayasree :