ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ പെന്‍ഡ്രൈവ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണം; പൊലീസ് സ്ഥിരമായി തന്നെ ഉന്നംവച്ചു നീങ്ങുന്നുവെന്ന് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ഈ കേസില്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ പെന്‍ഡ്രൈവ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭാഗം. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലായിരുന്നു ഈ ആവശ്യം.

കേസില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണത്തിനു വഴിയൊരുക്കിയ നിര്‍ണായക വെളിപ്പെടുത്തലുകളും മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ സംഭാഷണങ്ങളും അടങ്ങിയ പെന്‍ഡ്രൈവിന്റെ ആധികാരികതയാണു പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്തത്. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ സൃഷ്ടിച്ച തീയതികള്‍ കണ്ടെത്താന്‍ കോടതി പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി.

പെന്‍ഡ്രൈവ് പരിശോധനയ്ക്കു വേണ്ടി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവായി പെന്‍ഡ്രൈവിലുള്ള ശബ്ദ സന്ദേശം കോടതിയില്‍ കേള്‍പ്പിച്ചപ്പോഴാണ് ഇതിന്റെ ആധികാരികത പരിശോധിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്ത ഉപകരണം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ടാബ് ഫോണിലാണു ദിലീപ് അടക്കമുള്ളവരുടെ സംസാരം റെക്കോര്‍ഡ് ചെയ്തിരിക്കുന്നതെന്നും ഈ ടാബ് കേടായപ്പോള്‍ അതിലെ ഫയലുകള്‍ ലാപ്‌ടോപ്പിലേക്കു മാറ്റിയ ശേഷം പെന്‍ ഡ്രൈവിലേക്കു പകര്‍ത്തി പൊലീസിനു കൈമാറിയെന്നുമാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാല്‍ പ്രോസിക്യൂഷന്‍ പറയുന്നതു ഫയലുകള്‍ മൊബൈല്‍ ഫോണില്‍ നിന്നു പെന്‍ഡ്രൈവിലേക്കു പകര്‍ത്തിയെന്നാണ്. ഇവ പരസ്പര വിരുദ്ധമാണെന്നാണു പ്രതിഭാഗത്തിന്റെ വാദം.

കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണു ഫൊറന്‍സിക് വിദഗ്ധന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും പ്രതിഭാഗം ബോധിപ്പിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. കേസിലെ സാക്ഷിയായ വിപിന്‍ലാലിനു ലഭിച്ചതായി പറയുന്ന ഭീഷണിക്കത്ത് അന്വേഷണ ഏജന്‍സി തന്നെ തയാറാക്കിയതാണെന്ന ആരോപണവും പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു.

ദിലീപിനു വേണ്ടി സാക്ഷിയെ സ്വാധീനിക്കാന്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സഹായി പ്രദീപ്കുമാര്‍ കോട്ടാത്തല ശ്രമിച്ചു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാടു സ്വദേശിയായ രത്‌നസ്വാമിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണു സാക്ഷിയെ വിളിച്ചത്. അതിനിടയില്‍ പ്രദീപ്കുമാര്‍ പ്രതി ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണിലും വിളിച്ചു. ആരോപണം തെളിയിക്കാന്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു.

കേസിലെ പ്രധാന സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റിനെ പ്രതിഭാഗം അഭിഭാഷകന്‍ ആലപ്പുഴയിലെത്തി നേരില്‍ കണ്ടതു കേസില്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ഘട്ടത്തിലാണ്, അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല എന്നു പ്രതിഭാഗം വാദിച്ചു. വിസ്താരത്തില്‍ മൊഴി മാറ്റിയ ഡോ.ഹൈദരലി നടന്‍ ദിലീപിന്റെ കുടുംബ ഡോക്ടറാണ്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനുള്ള സഹായമാണു ദിലീപിന്റെ സഹോദരന്‍ അനൂപ് ഫോണിലൂടെ ചെയ്തത്.

ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴികള്‍ വിശ്വസനീയമല്ലെന്നും പ്രതിഭാഗം ആരോപിച്ചു. ദാസന്‍ പ്രതിഭാഗം അഭിഭാഷകനെ ഓഫിസിലെത്തി നേരില്‍ കണ്ടതായി പറയുന്ന തീയതിയില്‍ അഭിഭാഷകന്‍ കോവിഡ് ബാധിതനായിരുന്നെന്നും പറഞ്ഞു. പൊലീസ് സ്ഥിരമായി തന്നെ ഉന്നംവച്ചു നീങ്ങുന്നതായി പ്രതിഭാഗം അഭിഭാഷകന്‍ ബി.രാമന്‍പിള്ള ആരോപിച്ചു.

കേസന്വേഷണം വിസ്മയജനകമാക്കാനാണു പൊലീസ് ശ്രമിക്കുന്നത്. പല തെളിവുകളും രേഖകളും വിവാദങ്ങള്‍ക്കു വഴിയൊരുക്കും വിധം വാര്‍ത്താ ചാനലുകള്‍ വഴിയാണ് ആദ്യം പുറത്തുവരുന്നത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായിരുന്ന കേസില്‍ പ്രതിഭാഗത്തിനു വേണ്ടി താന്‍ ഹാജരായ ഘട്ടത്തിലും ഇതുപോലെ നാടകീയത സൃഷ്ടിച്ചതായി രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

Vijayasree Vijayasree :