എല്ലാവരും ഇവിടെ തന്നെയുണ്ട്… ആരും എവിടെയും പോയിട്ടില്ല സത്യം പുറത്തുവരട്ടെ; നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

നടിയെ ആക്രമിച്ച കേസിൽ താരങ്ങൾ പലരും അഭിപ്രായം പറയുന്നത് വളരെ ചുരുക്കമാണ്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരണവുമായി നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഏറ്റവും പുതിയ ചിത്രം തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമിക്കപ്പെട്ട അതിജീവിത പുതിയ സിനിമയിലൂടെ തിരിച്ചുവരുന്നതിന് കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകന്റ ചോദ്യത്തിനായിരുന്നു പൂര്‍ണിമയുടെ മറുപടി. തിരിച്ചുവരവ് എന്ന് പറയുന്നത് വളരെ പ്രയാസമേറിയ ഒരു വാക്കാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും ഇവിടെ തന്നെയുണ്ട്. ആരും എവിടെയും പോയിട്ടില്ല. നന്മ വരട്ടെ, സത്യം പുറത്തുവരട്ടെ, നീതി ലഭിക്കട്ടെ, നല്ലത് വരട്ടെ. എല്ലാവര്‍ക്കും അങ്ങനെ തന്നെ ആവട്ടെ. കരുത്തായി സമൂഹം മാറട്ടെഎന്നും പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

അതേസമയം ദിവസങ്ങൾക്ക് മുൻപ് മല്ലികാസുകുമാരനും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരോടും ഒരു പകയും തെറ്റവും വിദ്വേഷവും ചെയ്യാത്ത ഒരു കുട്ടിക്ക് ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണെന്നും അതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും മല്ലിക പറഞ്ഞിരുന്നു. സിനിമയില്‍ ഇറങ്ങുന്നവരെ ചീത്ത വിളിക്കുന്ന ഒരു കാലത്താണ് ഞങ്ങളൊക്കെ സിനിമയില്‍ ഇറങ്ങുന്നത്. സിനിമാക്കാരി എന്നൊക്കെ വളരെ പുച്ഛത്തോടെ വിളിക്കുന്ന കാലമായിരുന്നു അത്. അതിന്റേതായ ഒരു പേടി ഞങ്ങള്‍ക്കുണ്ടായിരുന്നു. സിനിമയിലുള്ളവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത്, എല്ലാ കാര്യങ്ങളും മാന്യമായി നടക്കുന്നുണ്ടോ എന്ന് ജനങ്ങളുടെ മുന്നില്‍ തെളിയിക്കുക എന്നതാണ്. അതാണ് നമ്മുടെ കടമ. നൂറായിരം സംഘടയുണ്ടാക്കിയിട്ട് കാര്യമില്ല. സംഘടനയ്ക്കകത് നൂറ് പേരില്‍ പത്ത് പേര്‍ക്ക് സ്വാര്‍ത്ഥമായ താല്‍പര്യങ്ങളുണ്ടെങ്കില്‍ അവിടെ തീര്‍ന്നു സംഘടനയുടെ സുഖം. പണ്ട് മാള്‍ക്ക എന്ന സംഘടനയെ രമ്യതയില്‍ കൊണ്ടുപോയത് നസീര്‍ സാറായിരുന്നു. എന്നിട്ടും ആ സംഘടന നിന്നില്ല. നമ്മള്‍ ഒരു കുടുംബത്തില്‍ നില്‍ക്കുന്നവര്‍ തന്നെ തമ്മിലടിയാണെന്നാല്‍ തീര്‍ന്നില്ലേയെന്നും മല്ലിക പറഞ്ഞു.

ഞാന്‍ ഒറ്റയ്ക്കിരിക്കുന്ന ആളാണ്, ഇടയ്ക്ക് ഇതൊക്കെ ചിന്തിക്കും, എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്. ഇതൊക്കെ സത്യമാണോ എന്ന്. സിനിമയില്‍ എങ്ങനെ ഇങ്ങനെ ഒരു സംഭവമുണ്ടായെന്ന് ചിന്തിച്ചിട്ടുണ്ട്. ഇന്നേവരെ കേട്ടിട്ടില്ലാത്ത സംഭവം സിനിമ മേഖലയില്‍ നടന്നു എന്നുള്ളതാണ് നടിയെ ആക്രമിച്ച സമയത്ത് വലിയ വാര്‍ത്തയായിട്ട് അന്ന് വന്നത്. അതിനെതിരെ സ്ത്രീകളുടെ സംഘടന വന്നു. അമ്മ സംഘടന പ്രതികരിക്കുന്നു. അമ്മ എന്ന സംഘടനയ്ക്ക് പ്രതികരിക്കാന്‍ ഒരുപാട് ലിമിറ്റേഷന്‍സ് ഉണ്ട്. രണ്ട് വിഭാഗങ്ങളായിട്ട് ആളുകള്‍ നില്‍ക്കുകയാണ്. ഒരു കൂട്ടര്‍ ചുമ്മ ഒരു പക്ഷത്തെ കൂട്ടുപിടിച്ച് പറയുക, മറ്റുള്ളവര്‍ എതിര്‍പക്ഷത്തെ കൂട്ടുപിടിച്ച് പറയുന്നു. എനിക്ക് ഒന്നേ പറയാനുള്ളു, സംഭവിക്കേണ്ടത് സംഭവിച്ചു,അതിന് ആര് എന്ത് സമാധാനം പറയും ഇതിന്റെ ഉത്തരം മാത്രം കേട്ടാല്‍ മതി എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക്. അല്ലാതെ ഇത് ആര് പറഞ്ഞിട്ടാണ്. ഏത് വഴിയില്‍കൂടെ പോയി. ഇതൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നാണ് അറിയേണ്ടതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ആരോടും ഒരു തെറ്റും ചെയ്യാത്ത കുട്ടി, ഇത്രയും വേദനിച്ചത് എന്തുകൊണ്ട്. അതിന്റെ പിന്നില്‍ ആര്. അത് കണ്ടെത്താന്‍ ഇവിടുത്തെ നീതി ന്യായ വകുപ്പ് അടക്കം ബാധ്യസ്ഥരാണ്.

അത് ചെയ്യുമെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈശ്വരനെ വിശ്വസിക്കുന്ന ഒരു പ്രായമായ അമ്മയുടെ സ്ഥാനത്ത് നിന്ന് ഞാന്‍ പറയുന്നു. ആ ഒരു വിഷമം ഈ നാട്ടിലെ ഓരോ പൗരന്റെയും മനസിലുണ്ട്. കാരണം നമ്മളെ കുടുംബത്തിലോ നമുക്ക് വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല. ഇതൊക്കെ പാടെ തുടച്ചുനീക്കേണ്ട ശിക്ഷാവിധികള്‍ വരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇല്ലെങ്കില്‍ എങ്ങനെയാണ് നാളെ പെണ്‍കുട്ടികളെ കേരളത്തിലൂടെ ഇറക്കിവിടുന്നതെന്ന് മല്ലിക സുകുമാരന്‍ ചോദിച്ചു.

Noora T Noora T :