”നല്ലൊരാളെ തെരഞ്ഞെടുക്കണം, നല്ല വികസനങ്ങള്‍ നടപ്പാക്കുന്ന എംഎല്‍എ ഉണ്ടാവണം, നഗരത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് !തൃക്കാക്കരയില്‍ അതൊക്കെ ചെയ്യാന്‍ പറ്റും”; വോട്ട് ചെയ്ത് ഹരിശ്രീ അശോകന്‍ !

തൃക്കാകര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി നടന്‍ ഹരിശ്രി അശോകന്‍. വോട്ട് ചെയ്തതിനു ശേഷം ഹരിശ്രി അശോകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . വികസനങ്ങള്‍ കൊണ്ടുവരുന്ന എംഎല്‍എയാണ് മണ്ഡലത്തിന് ആവശ്യമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു.

‘എണ്ണി കഴിഞ്ഞാലല്ലേ കണക്കൊക്കെ മനസിലാവൂ. നല്ലൊരാളെ തെരഞ്ഞെടുക്കണം. നല്ല വികസനങ്ങള്‍ നടപ്പാക്കുന്ന എംഎല്‍എ ഉണ്ടാവണം. നഗരത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. തൃക്കാക്കരയില്‍ അതൊക്കെ ചെയ്യാന്‍ പറ്റും.’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

എന്നാല്‍ മകനും നടനുമായ അര്‍ജ്ജുന്‍ വോട്ട് ചെയ്യാനെത്തില്ലെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. അര്‍ജുന്‍ നിലവില്‍ മണ്ഡലത്തിന് പുറത്താണ്. അതിനാലാണ് വോട്ടിനെത്താത്തതെന്നും ഹരിശ്രീ അശോകന്‍ അറിയിച്ചു. ഹരിശ്രീ അശോകന് പുറമേ നടന്‍ മമ്മുട്ടി, രജ്ഞി പണിക്കര്‍, ജനാര്‍ദ്ദനന്‍ തുടങ്ങി ഇതിനകം നിരവധി താരങ്ങളും വിവിധ ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഴ് മണിയോടെയാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. കാലവര്‍ഷം തുടങ്ങിയെങ്കിലും മണ്ഡലത്തില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമാണ്.രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുക. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്.

239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്. പോളിങ്ങിന് ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളേജിലേക്ക് മാറ്റും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്.

AJILI ANNAJOHN :