പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല, കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല; തനിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി താനെവിടെയും പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിഖില വിമല്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന നിഖിലയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് തിരിതെളിച്ചത്. നടിയ്ക്കെതിരെ ഇതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ തന്നെ ഉണ്ടായി. ഇപ്പോഴിതാ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി നിഖില.

തന്റെ പുതിയ ചിത്രം ജോ ആന്‍ഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ‘അങ്ങയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണമെന്നും’നിഖില പറഞ്ഞു.

തനിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി താനെവിടെയും പറഞ്ഞിട്ടില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്.

പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.
കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നതായിരുന്നു നിഖിലയുടെ പരാമര്‍ശം.

Vijayasree Vijayasree :