‘ഒരു സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്ന ട്രക്ക്’; സിനിമ ഏതെന്ന് ഊഹിക്കാമോ?; ഷൂസിട്ട് ട്രോളി സിദ്ദിഖ് എംഎൽഎ; സോഷ്യൽ മീഡിയ ട്രോൾ പേജുകളിലും സിനിമയെ കുറിച്ചുള്ള വാർത്തകൾ വൈറലാകുന്നു!

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സവർക്കറുടെ വാർത്തകൾ പ്രചരിച്ചതോടെ തന്നെ ട്രോളുകൾ ഇരമ്പിവരുകയായിരുന്നു.

ഇപ്പോഴിതാ, ട്രോൾ പേജുകളിലും ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. . സിനിമയെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ടി.സിദ്ദിഖ് എംഎൽഎയും. ഒരുപാട് ഷൂസിന്റെ പടമുള്ള ഒരു ട്രക്കിന്റെ ചിത്രമാണ് സിദ്ദിഖ് പങ്കിടുന്നത്. ‘ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ്‌ ലൊക്കേഷനിലേക്ക്‌ പോകുന്ന ട്രക്ക്‌.’ എന്നാണ് അടിക്കുറിപ്പ്. ഒപ്പം നടൻ രണ്‍ദീപ് ഹൂഡയുടെ പേരും ഹാഷ്ടാഗായി ഒപ്പമുണ്ട്.

സ്വതന്ത്ര വീർ സവർക്കർ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡയാണ് ടൈറ്റിൽ കഥാപാത്രമാകുന്നത്. സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് റിലീസ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമ പറയാൻ പോകുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കറെന്നും അങ്ങനെ ഒരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു.

മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക. സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

about savarkkar

Safana Safu :