നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമമുണ്ട് ,എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റി നിർത്തപ്പെടരുത്; ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും ഇവർ കാണാതെ പോയി എന്നതാണ് സങ്കടം; അവാർഡ് വിവാദത്തിൽ പ്രതികരിച്ച് മഞ്ജു പിള്ള !

മികച്ച നടനുള്ള അവാർഡിന് നടൻ ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുകയാണ് .സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ഉൾപ്പടെ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കാത്തതിൽ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും ആളുകൾ ജൂറിക്കെതിരെ വിമർശനമുന്നയിക്കുന്നുണ്ട്. ഇപ്പോൾ അവാർഡിന് സിനിമയെ അവഗണിച്ചു എന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം.

നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമമുണ്ടെന്ന് മഞ്ജു പറഞ്ഞു. യോഗമില്ലാത്തതിനാലാകാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് തന്നെ പരിഗണിക്കാതെ പോയത്. എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുതെന്നും മഞ്ജു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ആളാണ് ഞാൻ. ഫോണിൽ പലരും വാർത്തകൾ അയച്ചു തന്നിരുന്നു. അവാർഡ് കിട്ടാൻ യോഗമില്ലെന്ന് തോന്നുന്നു. കൃത്യമായി ഇപ്പോഴും ഹോം സിനിമയെ ചുറ്റിപറ്റി എന്ത് വിവാദമാണ് നടക്കുന്നതെന്ന് അറിയില്ല. പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റി നിർത്തപ്പെടരുത്.

ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴ് വർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് ഉണ്ടാക്കിയെടുത്തത്. അതുമാത്രമല്ല ഒരുപാട് പേരുടെ അധ്വാനവും ചിത്രത്തിന് പിന്നിലുണ്ട്. ലോക്ക്ഡൗൺ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ഒരു പ്രശ്നത്തിന്റെ പേരിൽ സിനിമയെ മാറ്റി നിർത്താൻ പറ്റില്ലല്ലോ. അങ്ങനെയാണെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ല. ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും ഇവർ കാണാതെ പോയി എന്നതാണ് സങ്കടം. ജനങ്ങൾ ചർച്ച ചെയ്ത സ്നേഹിച്ച ഒരു സിനിമ ആയിരുന്നു അത്.

ഈ അടുത്തക്കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒലിവർ ട്വിസ്റ്റിനെയും, കുട്ടിയമ്മയേയും പോലെ മലയാളികൾ നെഞ്ചേറ്റിയ മറ്റു കഥാപാത്രങ്ങൾ ഇല്ല എന്ന് തന്നെ പറയാം. കഥാപാത്രങ്ങളായി മഞ്ജുവും ഇന്ദ്രൻസും ജീവിക്കുകയായിരുന്നു. ഇത്രയും ഗംഭീരമായൊരു കഥാപാത്രം തനിയ്ക്ക് മുൻപ് ലഭിച്ചിട്ടില്ലായെന്നും മഞ്ജു മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

AJILI ANNAJOHN :