നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന് മൂന്നുമാസംകൂടി സമയംതേടി പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഈ മാസം 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്
.വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടിയുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചശേഷമാണ് അന്വേഷണത്തിന് കൂടുതല്‍ സമയംതേടാന്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന്. ഓഡിയോ-വീഡിയോ തെളിവുകളില്‍ ലഭിച്ചിരിക്കുന്ന ഫൊറന്‍സിക് പരിശോധനാഫലം അടിസ്ഥാനമാക്കി ഇനിയും ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ട്.
ഉന്നത ഇടപെടല്‍കൊണ്ട് അന്വേഷണം ഇടയ്ക്ക് മന്ദഗതിയിലായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തയ്യാറാക്കിയ പട്ടികയിലുള്ള പലരെയും ചോദ്യംചെയ്തിരുന്നില്ല. കിട്ടിയ തെളിവുകള്‍വെച്ച് കേസന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്നും പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയത്.
കേസില്‍ തന്റെകൂടെയാണെന്ന ഉറപ്പ് മുഖ്യമന്ത്രി തന്നിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. അതില്‍ ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിക്കുന്നു. മുഖ്യമന്ത്രിയെ കാണണമെന്നുണ്ടായിരുന്നു. ഇപ്പോഴാണ് ഒത്തുവന്നത്. അതില്‍ സംതൃപ്തയാണ്.
കാര്യങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു. പോസിറ്റീവായ പ്രതികരണമാണുണ്ടായത്. ഒരിക്കലും സര്‍ക്കാരിനെതിരേ സംസാരിച്ചിട്ടില്ല. കോടതിയെ സമീപിച്ചതിലൂടെ അത്തരമൊരു സന്ദേശം പുറത്തുവന്നിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിന് സഹായകരമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട് -അവര്‍ പറഞ്ഞു.
മന്ത്രിമാര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി. നീതികിട്ടുംവരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹർജി നല്‍കിയ സർക്കാറിനെ വലിയ പ്രതിരോധത്തിലേക്കായിരുന്നു തള്ളിവിട്ടത്. ഉന്നത ബന്ധങ്ങളുള്ള പ്രതിക്ക് വേണ്ടി കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയായിരുന്നു ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ നടി പ്രധാനമായും ഉന്നയിച്ചത്. ഇതോടെ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു.
ഇതിനിടെ ഇപി ജയരാജനും ആന്റണി രാജുവും അടക്കമുള്ളവർ ഹർജിക്ക് പിന്നിലെ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് രംഗത്ത് എത്തിയത് രംഗ് കുടുതല്‍ കലുഷിതമാക്കി. എന്നിലിപ്പോള്‍ അതിജീവിതയെ മുഖ്യമന്ത്രി നേരിട്ട് കാണുകയും സർക്കാറില്‍ പൂർണ്ണ വിശ്വാസമുണ്ടെന്ന് അവർ വ്യക്തമാക്കുകയും ചെയ്തത് സർക്കാറിനും ഇടത് കേന്ദ്രങ്ങള്‍ക്കും നല്‍കുന്ന ആശ്വാസം ചില്ലറയല്ല.
രാവിലെ പത്ത് മണിയോടെയായിരുന്നു മുഖ്യമന്ത്രിയെ കാണാന്‍ അതിജീവിതയെത്തിയത്. സെക്രട്ടറിയേറ്റില്‍വെച്ച് നടന്ന കൂടിക്കാഴ്ച പത്ത് മിനുട്ടോളം നീണ്ടു. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും നടിക്കൊപ്പം ഉണ്ടായിരുന്നു. കേസ് അന്വേഷണത്തിലെ ഇപ്പോഴത്തെ ആശങ്കകള്‍ പങ്കുവെച്ച നടി കോടതിയില്‍ ഉള്‍പ്പടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കേസില്‍ എത്രയും പെട്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കണം. പണമുപയോഗിച്ച് സ്വാധീനിച്ച സാക്ഷികളെ കുറിച്ച് അന്വേഷണം വേണം. ദൃശ്യങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ലാബിലേക്ക് അയക്കാത്ത വിഷയവുമായി ബന്ധപെട്ടു അന്വേഷണം വേണം, കേസിന്റെ മേൽനോട്ടം വഹിക്കാൻ കഴിവുള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപെടുത്തണമെന്നും മൂന്ന് പേജുള്ള നിവേദനത്തില്‍ വ്യക്തമാക്കി.
താന്‍ ഉന്നയിച്ച ആവശ്യങ്ങളോട് വളരെ കൃത്യമായി തന്നെ മുഖ്യമന്ത്രി പ്രതികരിച്ചെന്നും നടി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. അത് കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ല. അന്വേഷണം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകും. എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്ന ഉറപ്പും മുഖ്യമന്ത്രി അതിജീവിതയ്ക്ക് നല്‍കി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു. കേസ് അന്വേഷണത്തിന്റെ നിലവിലെ സാഹചര്യത്തേക്കുറിച്ച് വിശദമാക്കാന്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് വിവരം.