സംവിധായകന്‍ കണ്‍സീവ് ചെയ്തത് എന്റെയുള്ളില്‍ എത്തിയാലേ എനിക്കത് ചെയ്തുകൊടുക്കാന്‍ പറ്റൂ; ഞാന്‍ ഒരു പാവയല്ല! വെറുതെ ചരട് വലിച്ച് കളിക്കാനുള്ള പാവയല്ല ഞാന്‍;അലന്‍സിയര്‍ പറയുന്നു !

നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തിയ താരമാണ് അലന്‍സിയര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരൻ കഴിഞ്ഞു .രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കുറ്റവും ശിക്ഷയും റിലീസിന് തയാറെടുത്തിരിക്കുകയാണ്. മേയ് 27ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനായെത്തുന്നത്.

രാജീവ് രവി ചിത്രങ്ങളില്‍ താന്‍ അഭിനയിക്കുമ്പോഴുള്ളതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ അലന്‍സിയര്‍. കുറ്റവും ശിക്ഷയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് അലന്‍സിയര്‍ സംസാരിച്ചത്.

”ഞാന്‍ അങ്ങനെ സ്‌ക്രിപ്റ്റ് വായിക്കാറില്ല. ചിലരോട് ചോദിക്കും. രാജീവ് രവിയുടെ ഒരു സീന്‍ പോലും ഞാന്‍ വായിക്കാറില്ല. കാരണം അതിന്റെ ആവശ്യമില്ല. അതങ്ങനെ സംഭവിച്ചുപോകും.

കഥാപാത്രത്തെക്കുറിച്ച് നമ്മളുടെ ആത്മാവിലേക്ക് തന്നിട്ട് പുള്ളി അങ്ങ് മാറിനിക്കും. പിന്നെ ഞാനാണ് അത് നോക്കുന്നത്. അതുകൊണ്ട് ഞാനത് അന്വേഷിക്കേണ്ട കാര്യമില്ല.

ഈ കൊടുക്കല്‍ വാങ്ങലാണ് രാജീവുമൊത്തുള്ള സിനിമകളില്‍ സംഭവിച്ചിട്ടുള്ളത്.

അത് തന്നെയാണ് തൊണ്ടിമുതലിലും മഹേഷിന്റെ പ്രതികാരത്തിലും ദിലീഷ് പോത്തനുമായുള്ള ഡയറക്ടര്‍- ആക്ടര്‍ റിലേഷന്‍ എന്ന് പറയുന്ന സാധനം. നിങ്ങള്‍ എന്നെ സ്വതന്ത്രമായി വിടുക. അവര്‍ക്ക് ആവശ്യമുള്ളത് അവര്‍ എടുത്തുകൊള്ളും. ആവശ്യമില്ലാത്തത് അവര്‍ എടുത്ത് കളയും.

അങ്ങനെ ബ്രില്യന്റായുള്ള സംവിധായകരാണ്, ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള എനിക്ക് പുതുതലമുറയില്‍ തോന്നിയിട്ടുള്ള രാജീവായാലും പോത്തനായാലും.

ഇവരുടെ സിനിമകളില്‍, ഷോട്ട് പറയുന്ന നേരത്ത് മാത്രമേ ഞാന്‍ കഥാപാത്രത്തെ എങ്ങനെ പരിവപ്പെടുത്തണമെന്ന് ചിന്തിക്കാറുള്ളൂ. അത്രക്കും അവരില്‍ കോണ്‍ഫിഡന്റാണ്.കഥാപാത്രത്തിന് വേണ്ടി ഒരു തയാറെടുപ്പും ഞാന്‍ നടത്താറില്ല. ഞാനവിടെ ചെല്ലുന്നു, എന്നോട് സിറ്റുവേഷന്‍ പറയുന്നു, ഞാനത് ചെയ്യുന്നു.അവര്‍ പറയുന്നത് വെച്ചും എന്റെ മനസില്‍ തോന്നുന്നതും വെച്ച് ഞാന്‍ അഭിനയിക്കും. എന്റെ മനസില്‍ കൂടെ വന്നില്ലെങ്കില്‍ അത് അഭിനയിക്കാനാകില്ലല്ലോ.

അവര് പറഞ്ഞത് മാത്രം ചെയ്തുകൊടുക്കാനാണെങ്കില്‍ ഞാന്‍ ഒരു പാവയല്ലേ. ഞാന്‍ ഒരു പാവയല്ല. എന്റെയുള്ളിലേക്ക് സംവിധായകന്‍ കണ്‍സീവ് ചെയ്തത് എന്റെയുള്ളില്‍ എത്തിയാലേ എനിക്കത് ചെയ്തുകൊടുക്കാന്‍ പറ്റൂ. ചെയ്യാന്‍ എനിക്കും പറ്റണം.
ഞാന്‍ ഒരു പാവയല്ല. വെറുതെ ചരട് വലിച്ച് കളിക്കാനുള്ള പാവയല്ല ഞാന്‍,” അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയര്‍ക്ക് പുറമെ ഷറഫുദ്ദീന്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സിബി തോമസ് ശ്രീജിത് ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

AJILI ANNAJOHN :