പഠിച്ചൊരു സ്ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന്‌ ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം… പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌ എങ്കിൽ, “നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്‌” എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം ഇനിയും വിസ്‌മയമാർ ആവർത്തിക്കാതിരിക്കട്ടെ; കുറിപ്പ്

കേരളം കാത്തിരുന്ന വിസ്മയ കേസിൽ ശിക്ഷ നാളെ പുറത്ത് വിടും. കിരണ്‍ കുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുകയാണ്. സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വിധി. കേസിൽ നാലുമാസമാണ് വിചാരണ ഉണ്ടായത്. 41 സാക്ഷികളും 12 തൊണ്ടിമുതലുകളാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിക്കാന്‍ നീതിപീഡത്തെ സഹായിച്ചത്. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. ഇനിയൊരു വിസ്മയ ഉണ്ടാകരുതെന്ന്, വീണ്ടുമൊരിക്കൽ കൂടി ആവർത്തിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്

“എന്നെയിവിടെ നിർത്തിയിട്ട്‌ പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ…” കൊല്ലത്ത്‌ ആത്മഹത്യ ചെയ്‌ത വിസ്‌മയ അച്‌ഛനെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞതാണ്‌ ഇന്ന്‌ രാവിലെ മുതൽ മലയാളം ന്യൂസ്‌ ചാനലുകളിലെ ഹോട്ട്‌ ന്യൂസ്‌. നാളെ ഈ കേസിൻ്റെ വിധി വരാനിരിക്കേ, നെഞ്ചത്ത്‌ കല്ല്‌ കയറ്റി വെക്കുന്നത്‌ പോലെയാണ്‌ ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന്‌ വീഴുന്നത്‌. പീഡനങ്ങൾ മാനസികമോ ശാരീരികമോ ആകാം. നാർസിസ്സ്‌റ്റിക്‌ അബ്യൂസും ഗ്യാസ്‌ ലൈറ്റിംഗും സംശയരോഗവും ടോക്‌സിക്‌ ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂർവ്വതയല്ല. സ്‌ത്രീധന പീഡനങ്ങൾ കാണാക്കാഴ്‌ചയല്ല. കുത്തുവാക്കുകൾ, വൈവാഹിക ബലാത്സംഗം എന്നിവയും ഇല്ലാക്കഥകളല്ല.

ഇവിടങ്ങളിലെല്ലാം ചർച്ച ചെയ്യാതെ പോകുന്നത്‌ സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്‌തരാക്കേണ്ടതിൻ്റെ ആവശ്യകതയാണ്‌. പഠിച്ച്‌ ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന്‌ നൽകി വളർത്തിയവൾക്ക്‌ ജീവിതവും ഒരു ബാധ്യതയാകില്ല. നിയമസഹായവും അതോടൊപ്പം സ്‌ത്രീസൗഹാർദപരമായ വനിത പോലീസ്‌ സ്‌റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ്‌ വെപ്പ്‌ എങ്കിലും സമൂഹത്തിൻ്റെ ഒരു പരിഛേദം എന്ന നിലയ്‌ക്ക്‌ അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന്‌ മുഖ്യം സ്വന്തം തീരുമാനത്തിൽ ഉറച്ച്‌ നിൽക്കാനുള്ള മനോബലമാണ്‌. അതിന്‌ ഒറ്റ മാർഗമേയുള്ളൂ…സാമ്പത്തിക സ്വാതന്ത്ര്യം.

പഠിച്ചൊരു സ്‌ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന്‌ ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. വീട്ടുകാർക്ക്‌ പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ്‌ ഭർത്താവിന്‌ പകരം മകൾക്ക്‌ മാനസികമായി യോജിച്ചവനാകണം പങ്കാളി. ഇനി പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌ എങ്കിൽ, “നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്‌” എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക്‌ ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം. ഇനിയും വിസ്‌മയമാർ ആവർത്തിക്കാതിരിക്കട്ടെ.

Noora T Noora T :