മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’നടത്തി മോഹന്‍ലാല്‍; പ്രത്യേകത എന്തെന്നോ!!

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോര്‍ന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനില്‍ക്കുകയാണ്.

നടനെന്നതിലുപരി തികഞ്ഞൊരു ഈശ്വര വിശ്വാസിയാണ് മോഹന്‍ലാല്‍. ഇടയ്ക്കിടെ വിശിഷ്ട ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ പ്രിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തൊഴാനെത്തിയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി.

ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദക്ഷിണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തല്‍ നടത്തുകയും വിശേഷ വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ ഒരു ചെറിയ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനമഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം.

പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തു വീട് വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പണ്ട് കാലത്ത് ഈ പ്രദേശത്ത് മഹാക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ ഇപ്പോഴും ഉണ്ട്. കണ്ണങ്കോട്, ചേറ്റുവട്ടി, പലൂല്‍ എന്നിവിടങ്ങളില്‍ നിന്നും മഹാക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പരശുരാമന്റെ യജ്ഞഭൂമിയായിരുന്നു ഇവിടം എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി ഋഷിമാര്‍ തപസ്സു ചെയ്തിരുന്ന ഇടമാണ് പുഴക്കരയിലെ ഈ കുന്ന്. അതിനാല്‍ ഈ സ്ഥലത്തിന് മാമുനിക്കുന്ന് എന്നു പേര്‍ വിളിച്ചെന്നും പിന്നീടത് ലോപിച്ച് മാമാനിക്കുന്ന് എന്നായി എന്നും കരുതുന്നു. ശക്തേയപൂജ നടക്കുന്ന ഇത്തരം ഭഗവതീ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ക്ക് പകരം പിടാരര്‍ അല്ലെങ്കില്‍ മൂസത് എന്ന സമുദായത്തില്‍പ്പെട്ട പുരോഹിതരാണ് പൂജകള്‍ ചെയ്യുന്നത്.

കാടാമ്പുഴയിലെപ്പോലെ പൂമൂടല്‍ ചടങ്ങ് ഇവിടെ സാധാരണമല്ല. മറികൊത്തല്‍ അല്ലെങ്കില്‍ മറി സ്തംഭനം നീക്കല്‍ ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂര്‍ ജില്ലയില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഭക്തര്‍ക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം സൗജന്യമായി നല്‍കിവരുന്നു.

1980 വരെ കോഴിയറവ് പതിവായിരുന്ന ഇവിടെ പിന്നീട് ആ ചടങ്ങ് നിയമം മൂലം നിരോധിക്കുകയായിരുന്നു, ദുര്‍ഗ്ഗദേവി ഭദ്രകാളീ ഭാവത്തിലാണ് ഇവിടെ പരാശക്തിയുടെ പ്രതിഷ്ഠ. ശിവന്‍, ക്ഷേത്രപാലന്‍ അതായത് കാലഭൈരവന്‍, ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ മോഹന്‍ലാല്‍ കുടജാദ്രിയിലും മൂകാംബികയിലും എത്തിയിരുന്നു.സുഹൃത്തും തിരക്കഥാകൃത്തുമായ രാമാനന്ദിനൊപ്പമായിരുന്നു ലാല്‍ മൂകാംബിക ദര്‍ശനം നടത്തിയത്.

അതേ സമയം ഇപ്പോള്‍ എല്‍ 360 എന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുവരുന്നത്. തരുണ്‍ മൂര്‍ത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. ചിത്രം രജപുത്ര രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360ാം സിനിമയാണ്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി െ്രെഡവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു െ്രെഡവറാണ് ഷണ്മുഖം.

Vijayasree Vijayasree :