വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; നടന്‍ ജോജു ജോര്‍ജിനും സംഘടകര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയക്കും

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ജോജു ജോര്‍ജ് വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ വിവാദവും ഉടലെടുത്തിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനും സംഘടകര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയക്കും എന്നാണ് ലഭ്യമായ വിവരം.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നല്‍കുക. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് ആര്‍ ടി ഒ യെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ ടി ഒ അറിയിച്ചു.

ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും ഇതില്‍ പങ്കെടുത്ത ജോജു ജോര്‍ജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Vijayasree Vijayasree :