അസാധാരണവും ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും; ‘ദ കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ വാര്‍ത്താസമ്മേളനം റദ്ദാക്കി മാധ്യമപ്രവര്‍ത്തകര്‍

ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു ‘ദ കശ്മീര്‍ ഫയല്‍സ്’. ഇപ്പോഴിതാ ഈ ചിത്ത്രതിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ റദ്ദാക്കിയതായി ആരോപണം വന്നിരിക്കുകയാണ്. വിവേക് അഗ്‌നിഹോത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ദില്ലിയിലെ ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ് മെയ് അഞ്ചിന് നടത്താനിരുന്ന തന്റെ വാര്‍ത്താസമ്മേളനം റദ്ദാക്കിയതായി അദ്ദേഹം ആരോപിച്ചു. ക്ലബിന്റെ നടപടി അസാധാരണവും ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണെന്ന് വിവേക് അഗ്‌നിഹോത്രി പറഞ്ഞു. എന്നാല്‍ പ്രമോഷണല്‍ പരിപാടിയായതിനാലാണ് പരിപാടി റദ്ദാക്കിയതതെന്ന് ക്ലബ് എഫ്‌സിസി സൗത്ത് ഏഷ്യ അറിയിച്ചു. കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് എഫ്‌സിസി സൗത്ത് ഏഷ്യ പ്രസിഡന്റ് മുനിഷ് ഗുപ്ത പറഞ്ഞു.

”കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ദില്ലിയിലെ ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബ് എന്നെ ഒരു പത്രസമ്മേളനത്തിന് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നതായി ആഗോള കശ്മീരി പണ്ഡിറ്റ് ഡയസ്പോറ അറിയിച്ചു. വിദേശ മാധ്യമങ്ങളും താനുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് മെയ് 5 ന് ദില്ലിയിലെ ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബ്ബില്‍ വൈകുന്നേരം 7 മണിക്ക് ഒരു പത്രസമ്മേളനം നിശ്ചയിച്ചത്.

എല്ലാ ഒരുക്കവും പൂര്‍ത്തിയായി. എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട്, ഇന്നലെ എന്നെ അവരുടെ പ്രസിഡന്റ് വിളിച്ചു. വാര്‍ത്താ സമ്മേളനത്തെ ചില മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കുകയും കൂട്ടത്തോടെ രാജി ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ പരിപാടി റദ്ദാക്കിയെന്ന് അവര്‍ പറഞ്ഞു” എന്നും വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കി. മെയ് 5 ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ ഒരു ഓപ്പണ്‍ ഹൗസ് പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :