ഇത് ബാധിക്കുന്നത് നടിയെ മാത്രമല്ല, ഇത് ഈ സമൂഹത്തിലെ സ്ത്രീകളും അച്ഛന്‍മാരും സഹോദരന്മാരും എല്ലാവര്‍ക്കും നാളെ ഒരു അനുഭവമാണ് ,ഇതൊരു വലിയ പ്രതിഷേധമായി മാറും; ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി !

നടിയെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മൊഴിയെടിത്തിരുന്നു . ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി അടുത്തിടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഭാഗ്യലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ നല്ല ആത്മവിശ്വാസത്തിലാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. നിരവധി തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കേസില്‍ നീതി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ കാരണം ജുഡീഷ്യറിയാണെന്നും അവര്‍ വ്യക്തമാക്കി. നടിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് തന്നെ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതിജീവിതയ്ക്ക് കേസ് നടത്താനുള്ള സാമ്പത്തിക സഹായത്തിനായി പിരിവ് നടത്താന്‍ ഒരു പ്രവാസി തൊഴിലാളി തന്നോട് ചോദിച്ചിരുന്നു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാവര്‍ക്കും നമ്മളെ പോലെ വന്നിരുന്ന് സംസാരിക്കാനും പുറത്തിറങ്ങി പ്രതിഷേധിക്കാനും സാധിക്കാത്തത് കൊണ്ടാണ്. പക്ഷെ ഒരവസരം വന്ന് കഴിഞ്ഞാല്‍ ഇവര്‍ എല്ലാവരും തന്നെ മുന്നോട്ടുവരുമെന്നതില്‍ ഒരു സംശയവുമില്ലെന്നും അവര്‍ പറഞ്ഞു. ഭാഗ്യലക്ഷ്മി പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്…

എനിക്ക് കുറെ ആളുകള്‍ ഫോണിലായിട്ടും അല്ലാതെയും മെസേജ് അയച്ച് കൊണ്ടിരിക്കുന്നത് ഈ കേസ് എന്താകും ഇത് വെറുതെ വിടരുത് എന്ന് പറഞ്ഞാണ്. അവര്‍ ശിക്ഷിക്കപ്പെടണം എന്നാണ്. ഇത്രയും കണ്ടിട്ട് എന്താണ് അവര്‍ക്ക് മനസിലാകാത്തത്. അതിലൊരാള്‍ എന്നോട് പറഞ്ഞത് മാഡം ഈ പെണ്‍കുട്ടിയ്ക്ക് പണമില്ലാത്തത് കൊണ്ടാണോ അവരെ കോടതി മാറ്റിനിര്‍ത്തുന്നത് പോലെയോ അവഹേളിക്കുന്നത് പോലയോ നമുക്ക് തോന്നുന്നത്. അങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ ഇവിടെ ഒരു പിരിവ് എടുക്കട്ടെ അവര്‍ക്ക് വേണ്ടി എന്ന് ചോദിച്ചിട്ടുണ്ട്.

എത്രമാത്രം ആള്‍ക്കാരാണ് അവള്‍ക്ക് വേണ്ടി ഇതിന് പിന്നാലെ എന്ന് പറയുമ്പോള്‍ അതൊരു നടിയല്ല, അതൊരു പെണ്‍കുട്ടിയാണ്, ഒരു സ്ത്രീയാണ്, മകളാണ്, സഹോദരിയാണ് ഒരുപാട് കഥാപാത്രങ്ങളുണ്ട് അവരില്‍. അതാണ് ഓരോ വ്യക്തിയും കാത്തിരിക്കുന്നത്. എല്ലാവര്‍ക്കും നമ്മളെ പോലെ വന്നിരുന്ന് സംസാരിക്കാനും പുറത്തിറങ്ങി പ്രതിഷേധിക്കാനും സാധിക്കാത്തത് കൊണ്ടാണ്. പക്ഷെ ഒരവസരം വന്ന് കഴിഞ്ഞാല്‍ ഇവര്‍ എല്ലാവരും തന്നെ മുന്നോട്ടുവരുമെന്നതില്‍ ഒരു സംശയവുമില്ല. നമ്മള്‍ ഈ സംസാരിക്കുന്നതൊക്കെ ഈ ജഡ്ജിമാരൊക്കെ കാണുന്നുണ്ടോ എന്നെനിക്കറിയില്ല. കാണുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് ഇത്ര മാത്രമാണ്.

എന്റെ അടുത്ത് ഒരു സുഹൃത്ത് പറഞ്ഞത് ഇത് എവിടെയെങ്കിലും ഒന്ന് പറയണം എന്നാണ്. അതായത് രാമായണത്തില്‍ ഒരു ചെറിയ കഥയുണ്ട്. ശ്രീരാമന്‍ വനവാസത്തിന് പോകുമ്പോള്‍ അമ്പും വില്ലുമായി നടക്കുമ്പോള്‍ അത് ഒരു മരച്ചുവട്ടില്‍ വെച്ചിട്ട് അദ്ദേഹം കുറച്ച് ദൂരം പോയി തിരിച്ച് വരുമ്പോള്‍ ഈ അമ്പും വില്ലും എടുത്തു. അപ്പോള്‍ ആ അമ്പില്‍ ഒരു ചോര കണ്ടു. അപ്പോള്‍ അദ്ദേഹം അയ്യോ ഇതിലെങ്ങനെ ചോര വന്നു. നോക്കിയപ്പോള്‍ ആ അമ്പും വില്ലും വെച്ചതിന്റെ താഴെ ഒരു കുഞ്ഞ് തവള ഉണ്ടായിരുന്നു. ആ തവളയുടെ പുറത്താണ് ഈ അമ്പും വില്ലും വെച്ചത്.അതുകൊണ്ട് മുറിഞ്ഞിട്ടാണ് ഈ ചോര ഈ അമ്പില്‍ വന്നത്.

അപ്പോള്‍ ശ്രീരാമന്‍ ചോദിക്കുന്നുണ്ട് നിനക്കൊന്ന് ഉറക്കെ കരഞ്ഞൂടായിരുന്നോ എന്ന്. അപ്പോള്‍ തവള ചോദിക്കുന്നത് എനിക്കൊരു അപകടം വരുമ്പോള്‍ ഞാന്‍ രാമാ രാമാ എന്ന് വിളിച്ചാണ് കരയുന്നത്. പക്ഷെ ഞാന്‍ നീതി തേടുമ്പോള്‍ ആ നീതി ദേവന്‍ തന്നെ എന്നെ മുറിവേല്‍പ്പിക്കുമ്പോള്‍ ഞാനാരുടെ അടുത്താണ് പോയി അപേക്ഷിക്കേണ്ടത്. ആ ഉദാഹരണമാണ് എനിക്ക് ജഡ്ജിമാരോട് പറയാനുള്ളത്. ഞാന്‍ തന്നെ ഒരു കേസില്‍ മൊഴി കൊടുക്കാന്‍ പോയപ്പോള്‍ നമ്മളെ നോക്കുന്ന ഒരു നോട്ടമുണ്ടല്ലോ. ഞാന്‍ അവരെ ദ്രോഹിക്കാന്‍ പോയ രീതിയിലായിരുന്നുഅന്ന് ഞാന്‍ പറഞ്ഞു ഒരാളും ആഗ്രഹം കൊണ്ടല്ല പൊലീസ് സ്റ്റേഷനിലും കോടതിയിലും പോകുന്നത്. ഗതികേടുണ്ടാണ്.

പക്ഷെ ആ ഗതികേട് മനസിലാക്കാതെ നമ്മളെ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിക്കുന്ന ഈ പ്രവണത എല്ലാ ജഡ്ജിമാരേയുമല്ല പറയുന്നത്, ചിലരെങ്കിലും അത് ചെയ്യുന്നുണ്ട്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ദയവായി ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് നീതി നടപ്പാക്കുക എന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വളരെ കോണ്‍ഫിഡന്റ് ആയിട്ടാണ് ഇരിക്കുന്നത്. അത് ഞാന്‍ ഒരുപാട് തവണ ചോദിക്കുമ്പോഴും അവര്‍ പറയുന്നത് ഇല്ല മാഡം ധൈര്യമായിരിക്കു നമ്മള്‍ വിജയിക്കും എന്നാണ്.

അത്രമാത്രം എവിഡന്‍സും മറ്റുകാര്യങ്ങളും നിങ്ങളറിയാത്ത പല കാര്യങ്ങളും നമ്മുടെ കൈയിലുണ്ട്, നമ്മള്‍ കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ്. അവരോട് സംസാരിച്ചപ്പോള്‍ എനിക്ക് വല്ലാത്ത കോണ്‍ഫിഡന്‍സ് വന്നു. മാനസികമായി തളരേണ്ട എന്ന രീതിയില്‍ സംസാരിച്ചിട്ടാണ് അവര്‍ ഇറങ്ങി പോയത്. എന്നോട് കുറെ കാര്യങ്ങള്‍ ചോദിച്ചു, ഞാന്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചു. ജുഡീഷ്യല്‍ ഭാഗത്ത് നിന്ന് എന്തുകൊണ്ടാണ് പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടാത്തത് എന്ന് പകല്‍ പോലെ വ്യക്തമാണല്ലോ. വനിത ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടത്, സാധാരണ ഒരു ഭാര്യ ഭര്‍തൃ ബന്ധം പോലും ഒരു കോടതിയുടെ മുന്‍പില്‍ വരുമ്പോള്‍ പല സ്ത്രീകളും ഒരു വനിത അഡ്വക്കേറ്റ് വേണമെന്ന് പറയും.

അത് അവരോട് നമ്മുടെ മനസ് തുറന്ന് സംസാരിക്കാം എന്നുള്ളത് കൊണ്ടാണ്. അപ്പോള്‍ ഒരു പീഡനക്കേസ് എന്ന് പറയുമ്പോള്‍ ആ പെണ്‍കുട്ടി വിചാരിക്കും ഒരു വനിത ജഡ്ജി എന്ന് പറയുമ്പോള്‍ എനിക്ക് കുറെക്കൂടി മനസ് തുറന്ന് സംസാരിക്കാനും എന്നെ മനസിലാക്കാനും സാധിക്കും എന്ന് ആ പെണ്‍കുട്ടി ചിന്തിച്ച് പോയി. പക്ഷെ അത് നേര്‍ വിപരീതമാണ് അവര്‍ക്ക് സംഭവിച്ചത് എന്നത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു തന്നെയാണ് ഇന്ന് നമ്മള്‍ തെരുവില്‍ ഇറങ്ങുന്നു എങ്കില്‍ അതിന് കാരണം ജുഡീഷ്യറി തന്നെയാണ്. അവര്‍ കാരണമാണ് നമ്മള്‍ നീതി തരൂ എന്ന് പറഞ്ഞിട്ട് ജനം ഇറങ്ങുന്നത്.

കാരണം ഇത് ബാധിക്കുന്നത് നടിയെ മാത്രമല്ല. ഇത് ഈ സമൂഹത്തിലെ സ്ത്രീകളും അച്ഛന്‍മാരും സഹോദരന്മാരും എല്ലാവര്‍ക്കും നാളെ ഒരു അനുഭവമാണ്. എറണാകുളത്ത് നടന്നത് പോലെ കേരളത്തിലെ ഓരോ ജില്ലയിലും പ്രതഷേധം സംഘടിപ്പിക്കാനാണ് ഇനി ഒരുങ്ങുന്നത്. ഇതൊരു വലിയ പ്രതിഷേധമായി മാറുകയാണ്. ഇതുവരെ കോടതിയെ നമുക്ക് ഭയമായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ പിടിച്ച് അകത്തിടുക എന്നതായിരുന്നു. ഇനി അകത്ത് പോവേണ്ടി വന്നാല്‍ പോണം, അത്രയെ ഉള്ളൂ. പക്ഷെ രാജാവ് നഗ്നനനാണെന്ന് ഇനിയും പറയാന്‍ മടിച്ചിട്ട് കാര്യമില്ല.

about dileep

AJILI ANNAJOHN :