ഇത്തവണത്തെ ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനിയൻ മിഥുൻ. ജീവിത ഗ്രാഫ് എന്ന ടാസ്കിനിടെ പട്ടാള ഉദ്യോഗസ്ഥയുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അനിൻ മിഥുൻ പറഞ്ഞ കഥ വലിയ ചർച്ചയ്ക്കാണ് വഴിതെളിയിച്ചത്
പട്ടാളക്കഥ വൈറലായതിന് പിന്നാലെ മിഥുനെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം മേജർ രവിയെ താൻ കണ്ടുവെന്ന് പറയുകയാണ് അനിയന്‍ മിഥുന്‍.
‘‘ഹോട്ടലിൽ വച്ചാണ് മേജർ രവി സാറിനെ കണ്ടത്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി സംസാരിച്ചു. എന്നെ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. അതുകൊണ്ട് ഞാൻ തന്നെ പറഞ്ഞു ഞാൻ അനിയൻ മിഥുൻ ആണ് എന്ന്. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും ഞാൻ എല്ലാത്തിനും താങ്ക്‌യു സർ എന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് നന്ദിയും സ്നേഹമുണ്ട്.’’ –അനിയൻ മിഥുൻ പറയുന്നു.
ബിഗ് ബോസ് മുൻ മത്സരാർഥിയായ റോബിൻ രാധാകൃഷ്ണനൊപ്പം ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു അനിയൻ മിഥുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെയാണ് അനിയൻ ടാസ്കിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇല്ലാത്ത കാര്യമാണെന്ന് മോഹൻലാൽ തന്നെ ഷോയിൽ പറഞ്ഞിരുന്നു. പക്ഷേ അത് അംഗീകരിക്കാൻ മിഥുൻ തയ്യാറായിരുന്നില്ല. പിന്നാലെ ആണ് മേജർ രവി വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.
“നടപടി എടുക്കുക ആണെങ്കില്‍ ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. താങ്ങാൻ പറ്റില്ല കേട്ടോ ആ പയ്യന്. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല”, എന്ന് മേജർ രവി പറഞ്ഞിരുന്നു.