സ്ത്രീവിരുദ്ധന്മാരായ ആ നടന്മാർ സമൂഹത്തിന് മുന്നിൽ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു; മാളവിക മോഹനൻ

ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മാളവികയുടെ പ്രതികരണം.

സിനിമാ മേഖലയിൽ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. പുരുഷന്മാർ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നു. അതിസമർഥരായ ചില നടൻമാരെ എനിക്ക് അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവർക്ക് മുന്നിൽ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാൻ എങ്ങനെ പെരുമാറണമെന്നും അവർക്ക് നന്നായി അറിയാം.

സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവർ പെരുമാറും. പക്ഷേ പൊതുജനമധ്യത്തിൽ നിന്ന് മാറുന്നതിന് പിന്നാലെ തീർത്തും സ്ത്രീവിരുദ്ധന്മാരായി അവർ പെരുമാറുന്നതും ഞാൻ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ് എന്നാണ് മാളവിക പറയുന്നത്.

അതേസമയം, ‘ദ രാജാസാബ്’ ആണ് മാളവികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രഭാസ് നായകനാകുന്ന ചിത്രം മാരുതിയാണ് സംവിധാനം ചെയ്യുന്നത്. ‘ഹൃദയപൂർവം’ എന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിലും മാളവികയാണ് നായിക. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയാണ് മാളവിക മോഹനൻ.

പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും സിനിമോട്ടോഗ്രാഫർ കെയു മോഹനൻറെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനൻറെയും മകളാണ് മാളവിക. മോഹനും കുടുംബവും വർഷങ്ങൾക്ക് മുൻപ് മുംബൈയിലേക്ക് മാറിയിലെങ്കിലും നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രങ്ങളിൽ നിന്നാണ് മാളവിക സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്.

Vijayasree Vijayasree :