സിനിമ കാണാതെ ഇത് എന്റെ മതത്തിന് ചേരുന്നതല്ല എന്ന് പറയുന്നതില്‍ എനിക്ക് യോജിപ്പില്ല; മാല പാര്‍വതി

ഷെയിന്‍ നിഗം നായകനായി എത്തിയ ചിത്രമായിരുന്നു ലിറ്റില്‍ ഹാര്‍ട്‌സ്. എന്നാല്‍ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വ വര്‍ഗ പ്രണയം സിനിമയുടെ പ്രധാന പ്രമേയങ്ങളില്‍ ഒന്നായതിനാലാണ് വിലക്ക് നേരിട്ടത്.

ഇപ്പോഴിതാ മതത്തിന്റെ പേരില്‍ സിനിമയെ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചത് ശരിയല്ലെന്ന് പറയുകയാണ് നടി മാല പാര്‍വതി. ‘ഇതിനകത്ത് അങ്ങനെ ഒരു മനുഷ്യരുടെ കഥയാണ് പറയുന്നത്.

ഇതില്‍ മതങ്ങള്‍ വന്ന് അതിര്‍വരമ്പുകള്‍ ഉണ്ടാക്കുന്നത് ഭയങ്കര പ്രശ്‌നമാണ്. മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. അതെല്ലാം മനുഷ്യര്‍ക്കും കാണാം, അതിനൊരു മതങ്ങളും തടസ്സമല്ല.

ജിസിസി രാജ്യങ്ങളിലെ നിയമങ്ങളെ പറ്റിയുള്ള പരിജ്ഞാനമൊന്നും എനിക്കില്ല. എന്നാല്‍ സിനിമ കാണാതെ ഇത് എന്റെ മതത്തിന് ചേരുന്നതല്ല എന്ന് പറയുന്നതില്‍ എനിക്ക് യോജിപ്പില്ല. കാണിക്കാതെ അടച്ചു വയ്ക്കുകയല്ല വേണ്ടത്’.

‘ചിലര്‍ പറയും കുട്ടികള്‍ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന്. എന്നാല്‍ കുട്ടികള്‍ നല്ലതാണോ ചീത്തയാണോ എന്ന് ഇവര്‍ക്ക് എങ്ങനെ അറിയാം. ഒന്നും അറിയാതെ വളര്‍ത്തിയാല്‍ അത് സദാചാരമല്ല.

എത്രയോ ആള്‍ക്കാര്‍ക്ക് വീട്ടില്‍ ഒരു മുഖവും പുറത്ത് മറ്റൊരു മുഖവും ഉണ്ട്. അച്ഛന്റെയും അമ്മയുടെയും വിചാരം നല്ല കുട്ടിയാണെന്നാണ്. പക്ഷേ അവര്‍ക്ക് വേറെ ഒരു മുഖമുണ്ട്’എന്നും മാലാ പാര്‍വതി പറഞ്ഞു. നേരത്തെ സ്വവര്‍ഗ പ്രണയം പറയാന്‍ െ്രെകസ്തവ കുടുംബങ്ങളെ ചിത്രീകരിക്കുന്നതിനെതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സാന്ദ്രാ തോമസും സോഷ്യല്‍ മീഡിയയിലൂടെ ജിസിസി രാജ്യങ്ങളിലെ വിലക്കിനെ കുറിച്ച് പറഞ്ഞിരുന്നു.

രാജ്യങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനു എത്തിക്കണമെന്ന തന്റെ വലിയ മോഹത്തിനു തിരിച്ചടിയേറ്റെന്നും വിഷമമുണ്ടെന്നും സാന്ദ്ര പറഞ്ഞു. രാജേഷ് പൈനാടന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ബാബുരാജ് എന്നിവരും ലിറ്റില്‍ ഹാര്‍ട്ട്‌സില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

Vijayasree Vijayasree :