മമ്മൂട്ടി 16 വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച ചിത്രം പെരന്പ് മികച്ച റിവ്യൂവുമായി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാണിതെന്നാണ് ആരാധകർ പറയുന്നത്. റാം സംവിധാനം ചെയ്ത ‘പേരന്‍പ്’ ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്തത്. 2002ല്‍ പുറത്തിറങ്ങിയ ‘കാര്‍മേഘം’ എന്ന ചിത്രത്തിനു ശേഷം പതിനാറു വര്‍ഷങ്ങള്‍ കൂടി മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്.
എല്ലാവരും നിറകണ്ണുകളോടെ തീയേറ്ററിൽ നിന്ന് കണ്ടിറങ്ങിയ ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ അഭിനയത്തിന് ഫുൾ മാർക്കാണ് എല്ലാവരും നൽകിയിരിക്കുന്നത്.
എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖർ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം ‘യാത്ര’യ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. മമ്മൂട്ടി വൈഎസ്ആർ ആയി അഭിനയിക്കുന്ന ‘യാത്ര’ ഫെബ്രുവരി 8 ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നതിനിടയിലാണ് ഹൈക്കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകൻ ആണ് പരാതിക്കാരൻ. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താൻ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആൻഡ് ടെലിഫിഷൻ പ്രൊഡ്യൂസർ ഗിൽഡിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തതാണെന്നുമാണ് മുരുകൻ പരാതിയിൽ പറയുന്നത്. പാരാതി സ്വീകരിച്ച ജസ്റ്റിസ് എം സുന്ദർ ‘യാത്ര’യുടെ നിർമ്മാതാക്കളായ 70എംഎം എന്റർടെയിൻമെന്റിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്സിനും ഗ്യൂബ് സിനിമ ടെക്നോളജീസിനും നോട്ടീസ് അയക്കുകയായിരുന്നു. ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിനു എതിരെയുള്ള ഹർജി റിലീസിംഗിന് തന്നെ ആശങ്കയുണർത്തുകയാണ്. ഗിൽഡിന്റെ ഉപദേശം കേൾക്കാൻ കൂട്ടാക്കാതെ നിർമ്മാതാക്കൾ റിലീസ് ഫെബ്രുവരി എട്ടിലേക്ക് പ്ലാൻ ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ രാഷ്ട്രീയജീവിതഹ്ടിലെ ഒരേടാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആണ്.
ചിത്രത്തില്‍ ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി വേഷമിടുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം സുഹാസിനിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയ ജോഡികള്‍ ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.
മലയാളത്തിൽ മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മാമാങ്കവും മധുരരാജയും. ഈ വർഷം വളരെ നല്ല സിനിമകളുമായാണ് മമ്മൂട്ടി എത്തുന്നത്. യാത്ര സിനിമയുടെ തടസങ്ങൾ നീങ്ങി മമ്മൂട്ടിയുടെ സിനിമായത്ര ഗംഭീരമാകുമെന്നാണ് ആരാധകർ കരുതുന്നത്.
madras high court issues notice to makers of yathra filim