കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസിയായിരുന്നു ; ജീവിതത്തിന് ഒരു അജണ്ടയുണ്ട് ; ലെന പറയുന്നു

മിനി സ്ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ആത്മീയതിലേക്ക് പൂർണമായും സ്വയം സമർപ്പിച്ചിരിക്കുകയാണ് നടി ലെന. തിരക്കേറിയ നടിയായിരുന്ന ലെനയെ അടുത്ത കാലത്തായി അധികം സിനിമകളിൽ കാണാറില്ല. ലെനയിൽ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ചിലർ ചൂണ്ടിക്കാട്ടി. താൻ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പല കാര്യങ്ങളിൽ നിന്നും അകന്ന് ആത്മീയതിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും ലെന നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആത്മീയതയിലേക്ക് പൂർണമായും സമർപ്പിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലെന.

ആത്മീയതയെക്കുറിച്ചുള്ള തന്റെ പുസ്തകത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു നടി. ഒരു വ്യക്തിയായി എനിക്കിപ്പോൾ സ്വയം തോന്നുന്നില്ല. ലെനയായി ഞാൻ ഐഡന്റിറ്റിഫെ ചെയ്യുന്നില്ല. സെെക്കോളജിയിൽ ഇത് ഡിസോർഡർ ആണ്. സ്പിച്വരാലിറ്റിയിൽ ഇത് നല്ല ഘട്ടമാണ്. ലക്ഷ്യബോധത്തോടെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. വ്യക്തിപരമല്ലാത്ത ലക്ഷ്യമാണത്. ഒരു മൂവ്മെന്റിന് വേണ്ടി ജീവിക്കുന്നത് പോലെ. എന്റെ പുസ്തകം ആത്മീയതയെക്കുറിച്ചാണ്.
2023 ജൂലൈ 14 നാണ് ഞാൻ ആത്മീയമായി ഈ സ്റ്റേജിലെത്തിയത്. 19 വർഷത്തിന് ശേഷം വീണ്ടും വന്ന സ്വയം തിരിച്ചറിയൽ.

ഞാൻ ആരാണ്, എന്താണ്, എന്തുകൊണ്ട് ഈ രൂപമെ‌ടുത്തു എന്നിങ്ങനെയുള്ള ചോദ്യങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ സംസാരിക്കുന്നതെന്നും ലെന വ്യക്തമാക്കി. ജീവിതത്തിന് ഒരു അജണ്ടയുണ്ട്. വെറുതെ രൂപം കൊണ്ടതല്ല. മനുഷ്യത്തിൽ ജനിക്കുക എളുപ്പമല്ല. അമീബയാകുന്നതൊക്കെ എളുപ്പമാണ് . ഇത്രയും സങ്കീർണമായ രൂപം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും ലെന പറഞ്ഞു.

തനിക്ക് ജന്മാന്തരങ്ങളിൽ വിശ്വാസമുണ്ടെന്നും ലെന വ്യക്തമാക്കി. കഴിഞ്ഞ ജന്മത്തിലെ ഒരുപാട് കാര്യങ്ങൾ എനിക്ക് ഓർക്കാൻ പറ്റും. പല ജന്മങ്ങളുണ്ട്. തൊട്ടുമുമ്പത്തെ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസിയായിരുന്നു. ഞാൻ ടിബറ്റിലായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ എനിക്ക് ഹിമാലയത്തിൽ പോകാൻ തോന്നിയതെന്നും ലെന വാ​ദിക്കുന്നു.മനസ് തന്നെയാണ് സമയം. സമയം തന്നെയാണ് മനസ്. ഞാനീ പറയുന്നത് 20 കൊല്ലം മുമ്പ് പറഞ്ഞപ്പോൾ നേരെ സൈക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. ഇ‍ഞ്ചനെടുത്ത് ബോധം പോയി. ഇപ്പോൾ പറയുമ്പോൾ അത് മനസിലാക്കുന്നു. കാരണം ഇതാണ് കൃത്യമായ സമയമെന്നും നടി ചൂണ്ടിക്കാട്ടി.

തനിക്ക് ആദ്യം സ്വയം തിരിച്ചറിവ് വന്ന ഘട്ടത്തെക്കുറിച്ചും ലെന സംസാരിച്ചു. എനിക്ക് 23 വയസായിരുന്നു. കല്യാണം കഴിഞ്ഞതേയുള്ളൂ. ഭർത്താവും സുഹൃത്തുക്കളുമെല്ലാം കൊടൈക്കനാലിൽ പോയി. അവിടെ വെച്ച് ഞങ്ങൾ മഷ്റൂം കഴിച്ചു. ഇന്ന് യുവതലമുറയിലെ നിരവധി പേർ ഇത് പരീക്ഷിക്കുന്നുണ്ട്.

പക്ഷെ 20 വർഷം മുമ്പ് വളരെ അപൂർവമായിരുന്നു. അലോപ്പതിക് സൈക്യാട്രിക് മെഡിസിനേക്കാൾ ഫലപ്ര​ദമാണ് ഇതെന്ന് പഠനങ്ങളുണ്ട്. ഇത് പ്ലാന്റ് മെഡിസിനാണ്. ശ്രദ്ധാപൂർവം ഉപയോ​ഗിക്കണം. സൈക്കൊഡലിക്സ് ആളുകൾ ദുരുപയോ​ഗം ചെയ്യുന്നുണ്ട്. ഞാനത് ഉപയോ​ഗിക്കുന്ന സമയത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. മഷ്റൂം കഴിച്ച് ഞാൻ മെഡിറ്റേറ്റ് ചെയ്തു. എന്താണ് ദൈവമെന്ന് ഞാൻ സ്വയം ചോദിച്ചെന്നും ലെന ഓർത്തു. ലെനയുടെ വാക്കുകൾ ഇതിനകം ചർച്ചയാകുന്നുണ്ട്. ക്ലിനിക്കൽ സൈക്കോളജി വിട്ടാണ് ലെന ആത്മീയതയിലേക്ക് കടന്നത്.

AJILI ANNAJOHN :