‘സെലിബ്രിറ്റികളാകുന്നതിന് ഞങ്ങള്‍ നല്‍കുന്ന വില, ഇതൊരു ഒരു വലിയ കേസേ അല്ല’; വഞ്ചനാക്കേസില്‍ പ്രതികരണവുമായി രജനികാന്തിന്റെ ഭാര്യ

‘കൊച്ചടിയാന്‍’ സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികരണവുമായി രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത്. ചൊവ്വാഴ്ച ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി കേസില്‍ ലതയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ലതയ്ക്ക് ജാമ്യം അനുവദിച്ചത്.

‘സെലിബ്രിറ്റികളാകുന്നതിന് ഞങ്ങള്‍ നല്‍കുന്ന വില’ എന്നാണ് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ലത രജനികാന്ത് വിഷയത്തില്‍ പ്രതികരിച്ചത്. ‘എന്നെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ജനപ്രിയ വ്യക്തിയെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും ലക്ഷ്യം വച്ചുള്ള കേസാണ്.’

‘സെലിബ്രിറ്റികളാകുന്നതിന് ഞങ്ങള്‍ നല്‍കുന്ന വിലയാണിത്. ഇതൊരു ഒരു വലിയ കേസേ അല്ല, പക്ഷേ വാര്‍ത്ത വളരെ വലുതായി മാറി. വഞ്ചനയല്ല, പണവുമായി എനിക്ക് ഒരു ബന്ധവുമില്ല’ എന്നാണ് ലത രജനികാന്ത് എഎന്‍ഐയോട് പ്രതികരിച്ചത്.

2015ല്‍ ആണ് ഈ കേസ് ബെംഗളൂരുവിലെ ആഡ് ബ്യൂറോ അഡ്വര്‍ടൈസിങ് കമ്പനി ഫയല്‍ ചെയ്തത്. കൊച്ചടിയാന്‍ സിനിമയുടെ തമിഴ്‌നാട്ടിലെ വിതരണാവകാശം മറ്റൊരു സ്ഥാപനത്തിനു നല്‍കാനായി ലതയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് വ്യാജ രേഖയുണ്ടാക്കി എന്നാണ് ആരോപണം.

രജനിയും ദീപിക പദുക്കോണും അഭിനയിച്ച് 2014ല്‍ പുറത്തിറങ്ങിയ കൊച്ചടിയാന്‍, രജനിയുടെ മകള്‍ സൗന്ദര്യയാണ് സംവിധാനം ചെയ്തത്. ഈ ആനിമേറ്റഡ് ആക്ഷന്‍ സിനിമ പൂര്‍ത്തിയാക്കാന്‍ 14 കോടി രൂപ ആഡ് ബ്യൂറോ നല്‍കിയിരുന്നു.

Vijayasree Vijayasree :