‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’; ഗോഡ്ഫാദർ സിനിമയുടെ ഓർമ്മ പങ്കുവെച്ച് നടൻ ലാൽ

ഗോഡ്ഫാദർ എന്ന സിനിമയുടെ ഓർമ്മ പങ്കുവെച്ച് നടൻ ലാൽ. ഫേസ്ബുക്കിലൂടെയാണ് ലാൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചിരിക്കുന്നത്.

ഗോഡ്ഫാദർ 405 ദിവസങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ചതിൽ മൊമെന്റോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.

1991ൽ സിദ്ദിഖും ലാലും ചേർന്ന് ഒരുക്കിയ ഗോഡ്ഫാദർ മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രമാണ്. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിനിമ കരസ്ഥമാക്കി. മുകേഷും കനകയും നായിക- നായകന്മാരായ ചിത്രത്തിൽ നാടകാചാര്യൻ എൻഎൻ പിള്ള, ഫിലോമിന, തിലകൻ, ജഗദീഷ്, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അതേസമയം ധനുഷ് നായകനായ കർണ്ണൻ എന്ന തമിഴ് ചിത്രമാണ് ലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. യമരാജ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം കർണ്ണനിൽ അവതരിപ്പിച്ചത്. ലാലിന്റെ കഥാപാത്രം അസാമാന്യ പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണനില്‍ രജിഷ വിജയനാണ് നായിക. നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പൂര്‍ത്തിയായത്.

Noora T Noora T :