ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് മാത്രമല്ല, മറ്റ് ഭാഷകളിലടക്കം ഇത് വലിയൊരു ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ വ്യവസായങ്ങളിലും ഹേമ കമ്മിറ്റിക്ക് സമാനമായൊരു അന്വേഷണം ആവശ്യമാണെന്ന് പറയുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ.
എല്ലാ മേഖലയിലുള്ള സ്ത്രീകൾക്കും മോശം അനുഭവങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. ഇതെല്ലാം തന്നെ തുറന്ന് കാട്ടണമെങ്കിൽ എല്ലാ മേഖലയിലും ഹേമ കമ്മിറ്റി പോലെ ഒരു കമ്മീഷനോ കമ്മിറ്റിയോ വേണം. അത് വളരെ അത്യാവശ്യമാണ്. സിനിമാ മേഖല എന്ന് പറയുന്നത് ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന ഒരു മേഖല കൂടിയാണ്.
ഇവിടെ മാത്രമല്ല, പല ഇടങ്ങളിലും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നുണ്ട്. ആ സ്ത്രീകൾക്ക് ധൈര്യത്തോടെ വന്ന് സംസാരിക്കാൻ കഴിയുന്ന സംവിധാനമാണ് നാം ഒരുക്കേണ്ടത്. സ്ത്രീകളെ കൂടുതൽ സംരക്ഷിക്കുകയും പിന്തുണക്കുകയും വേണം. ഒരു സ്ത്രീ എപ്പോഴും സ്വതന്ത്ര ആയിരിക്കണം.
ഒരു സാഹചര്യത്തിൽ പോലും അവൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരരുത്, ചെയ്യരുത്. ഒരിക്കൽ വിട്ടുവീഴ്ച ചെയ്താൽ അത് കൂടുതൽ മാനസിക സംഘർഷത്തിലേയ്ക്ക് ആയിരിക്കും അവരെ തള്ളിവിടുന്നത്. വിട്ടുവീഴ്ചയല്ല, കഴിവ് തെളിയിക്കുകയാണ് വേണ്ടത്. വിഷയത്തിൽ പ്രതികരിക്കാത്ത നടന്മാർക്കെതിരെ എന്തിനാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്.
മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ സിനിമാ മേഖല വളരെ മനോഹരമായ ഇടമാണ്. പോസിറ്റീവ് കാര്യങ്ങൾ പറയുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരുപാട് നല്ല വ്യക്തികൾ ഇതിനകത്തുണ്ട്. എന്നാൽ ഒരു ചത്ത മീനിന് ഒരു കുളം മുഴുവൻ മലിനമാക്കാൻ കഴിയുമല്ലോ. അതാണ് ഇവിടുത്തെ സ്ഥിതി.
ആരെങ്കിലും ഒരാൾ മോശമായി പെരുമാറിയാൽ ധൈര്യം പൂർവ്വം ആ നിമിഷം തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ നിയമപരമായി പോരാടണം. മക്കളെ വളർത്തുമ്പോൾ ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്നതാണ് നമ്മൾ ആദ്യം പഠിപ്പിക്കേണ്ടത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും സ്ത്രീകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും ഖുശ്ബു പറഞ്ഞു.