മോദി ഒരു വ്യക്തിയല്ല പ്രസ്താനം,ഇന്ത്യയെ രക്ഷിക്കാൻ പിറന്ന അവതാരം!പുകഴ്ത്തി കൃഷ്ണകുമാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണെന്ന് നടൻ കൃഷ്ണകുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിെൻറ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. ചെറിയ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സാനിറ്ററി പാഡിെൻറ കാര്യം പോലും പ്രധാനമന്ത്രിക്ക് പറയാനാകുന്നു. അതൊരു വലിയ കാര്യമാണ്’ എന്നും കൃഷ്ണകുമാർ പറഞ്ഞു.

ഇന്ത്യയുടെ തലയായ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനായത് ഒരു അസാധാരണ സർക്കാർ അധികാരത്തിലുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയത് 2014 ന് ശേഷമാണ്.

സംഘ്പരിവാറുമായി ഉള്ള ബന്ധം പുറത്ത് പറയാനാകാത്ത സാഹചര്യമായിരുന്നു സിനിമാ മേഖലയിലും കേരളത്തിലുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ അത്തരം പരിപാടികളിൽ നിന്നെല്ലാം ഒരു അകലം സൂക്ഷിക്കുകയായിരുന്നു. ഇപ്പോൾ സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.

സിനിമാ നടിയായ മകൾ അഹാന സ്വര്‍ണക്കടത്തും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ചെയ്‍ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി വലിയ ചര്‍ച്ചയായിരുന്നു. അഹാന കൃഷ്‍ണകുമാര്‍ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. അഹാന കൃഷ്‍ണകുമാറിന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. സൈബര്‍ ആക്രമണത്തിന് എതിരെ ഒരു വീഡിയോയുമായും അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരുന്നു. അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

‘അവൾ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റി വെക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക. അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുന്നോട്ട് വന്നു. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. പഴയ കേരളമല്ല ഇതെന്നും ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൃഷ്ണകുമാറിന് ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Noora T Noora T :