ചെമ്പൻകുഞ്ഞും മന്ത്രവാദിയെയും കുഞ്ഞേനാച്ചനെയും വെള്ളിത്തിരയിൽ അനശ്വരമാക്കിയ അതുല്യപ്രതിഭയുടെ ജന്മശതാബ്ദി മലയാളം മറന്നു; പ്രായശ്ചിത്തം ചെയ്ത് ജന്മനാട്!

മലയാള സിനിമയുടെ കാരണവരായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ 100ാം ജന്മവാര്‍ഷികമായിരുന്നു കഴിഞ്ഞ സെപ്റ്റംബർ 11 ന്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിഭയാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. . വെള്ളിത്തിരയുടെ ദൃശ്യവിസ്‌മയത്തില്‍ കൊട്ടാരക്കരയുടെ പേരിന് പ്രൗഢി പകർന്ന അതുല്യ പ്രതിഭയാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. മലയാള സിനിമയുടെ പൗഡ്രി നിലനിര്‍ത്തുന്ന ചെമ്മീന്‍ എന്ന സിനിമയിലെ ചെമ്പന്‍ കുഞ്ഞ് എന്ന കഥാപാത്രം മാത്രം മതി ഈ പ്രതിഭയുടെ അഭിനയമികവിനെ വാഴ്ത്താന്‍.

വെള്ളിത്തിരയിൽ ഓരോ കഥാപത്രങ്ങളും അനശ്വരമാക്കിയ അതുല്യപ്രതിഭയുടെ ജന്മശതാബ്ദി മലയാളം മറന്നു.
കൊട്ടാരക്കര കൊരട്ടിയോട് വീട്ടില്‍ നാരായണ പിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്തംബര്‍ 11നാണ് ശ്രീധരന്‍ നായര്‍ ജനിച്ചത്. പത്താം വയസില്‍ നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് ജയശ്രീ കലാമന്ദിരം എന്ന പേരില്‍ നാടക കമ്പനി തുടങ്ങി. വേലുത്തമ്പി ദളവ ആദ്യമായി അരങ്ങിലെത്തിച്ചത് ഈ നാടക കമ്പനിയാണ് . 1950ല്‍ പ്രസന്ന എന്ന ചിത്രത്തിലൂടെ ശ്രീധരന്‍ നായര്‍ വെള്ളിത്തിരയിലെത്തി. വില്ലനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് നായകനായി വേഷമിട്ടു.

ഏറെയും ചരിത്ര കഥാപാത്രങ്ങളാണ് കൊട്ടാരക്കരയ്ക്ക് ഇണങ്ങിയത്. വലുത്തമ്പി ദളവയായും പഴശ്ശിരാജയായും അദ്ദേഹം തിളങ്ങി. ഇന്‍ഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായമൈഡിയര്‍ കുട്ടിച്ചാത്തനിലെവില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. 1969 ല്‍ കൂട്ടുകുടുംബം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ളകേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി. 1970 ല്‍ അരനാഴികനേരം എന്ന ചിത്രത്തിലെ അഭിനയത്തിന് 1970ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.1986 ഒക്ടോബര്‍ 19 ന് അദ്ദേഹം വിടപറഞ്ഞു.

പ്രേംനസീറും സത്യനും അടൂർ ഭാസിയുമെല്ലാം കൊട്ടാരക്കര റെയിൽവേ സ്റ്റേഷനോരത്തെ ശ്രീധരൻ നായരുടെ വീട്ടിൽ കുടുംബാംഗങ്ങളെപ്പോലെ വന്നുപോയിരുന്നു. ഭാര്യ വിജയലക്ഷ്മിയമ്മ 2021 ജനുവരിയിലാണ് മരിച്ചത്. എല്ലാ വർഷവും ഒക്ടോബർ 19-ന് അനുസ്മരണദിനത്തിൽ അധികാരികളുടെ പ്രഖ്യാപനമുണ്ടാകും, ജന്മനാട്ടിൽ ശ്രീധരൻ നായർക്ക് ഉചിതമായ സ്മാരകമുണ്ടാകുമെന്ന്. ചലച്ചിത്ര പഠന ഗവേഷണ കേന്ദ്രവും തിയേറ്ററും സാംസ്കാരിക സമുച്ചയവുമെല്ലാം ജലരേഖയായ പ്രഖ്യാപനങ്ങളിൽ ചിലതുമാത്രം. മക്കൾ സായികുമാറും ശോഭാ മോഹനും ഷൈലജയും ചെറുമക്കളായ വിനു മോഹനും അനു മോഹനും ശ്രീധരൻ നായരുടെ പിന്തുടർച്ചക്കാരായി മലയാള സിനിമാലോകത്തുണ്ടെങ്കിലും ഒരു കാലഘട്ടത്തിന്റെ അഭിനയപുരുഷനോട് കാട്ടേണ്ടുന്ന നീതി സിനിമാലോകവും ശ്രീധരൻ നായരോടു കാട്ടിയിട്ടില്ല.

ജന്മശതാബ്ദി വർഷത്തിലും ശ്രീധരൻ നായരുടെ ഓർമയ്ക്കുവേണ്ടി എന്നു പറയാൻ ലൈബ്രറി കൗൺസിലിന്റെ കെട്ടിടത്തിൽ എഴുതിയ പേരല്ലാതെ ഒന്നുംകൊട്ടാരക്കരയിലില്ല. നഗരസഭാ അധ്യക്ഷൻ എ.ഷാജു മുൻകൈയെടുത്ത് നഗരസഭാ ബജറ്റിൽ ഉൾപ്പെടുത്തി ശ്രീധരൻ നായരുടെ അർധകായ പ്രതിമ നിർമിക്കുന്നുണ്ട്. ജന്മശതാബ്ദി കണക്കാക്കിയല്ല നിർമിച്ചതെങ്കിലും അവിചാരിതമായി പ്രതിമയുടെ പൂർത്തീകരണം ശതാബ്ദിവർഷത്തിൽത്തന്നെ എത്തി. ശില്പി ബിജു ചക്കുവരയ്ക്കലാണ്. പോലീസ് സ്റ്റേഷനു മുന്നിൽ മൂന്നുവിളക്കിനുസമീപം പ്രതിമ സ്ഥാപിക്കും. കൊട്ടാരക്കര ശ്രീധരൻ നായർക്കായി നാടിന്റെ ആദ്യ സ്മാരകമാകുമത്.

AJILI ANNAJOHN :