മതിയെന്ന് ആസിഫ് അലി പറഞ്ഞിട്ടുപോലും വിട്ടില്ല, കിലോമീറ്ററുകളാണ് ആളുകള്‍ ജീപ്പിന് പിന്നാലെ വന്നത്; ഇത്തവണ സിനിമയില്‍ നിന്നും ആരേയും പ്രചാരണത്തിന് വരാന്‍ നിര്‍ബന്ധിക്കില്ല, അറിഞ്ഞു വരുന്നവര്‍ വരട്ടെ; മുകേഷ്

സിനിമയിലെ സഹപ്രവര്‍ത്തകരെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്ന് നടനും കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയുമായ മുകേഷ്. സിനിമയില്‍ നിന്നും ആരേയും പ്രചാരണത്തിന് വരാന്‍ നിര്‍ബന്ധിക്കില്ല, അറിഞ്ഞു വരുന്നവര്‍ വരട്ടെ. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ കുറച്ചുപേരൊക്കെ വന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരാള്‍ അങ്ങോട്ടോ ഇങ്ങോട്ടോ പോയാല്‍ അവരെ തേജോവധം ചെയ്യുന്നത് സോഷ്യല്‍ മീഡിയയിലൊക്കെ കാണുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് സഹായം ചെയ്തു എന്നറിഞ്ഞാല്‍ അവരുടെ പോസ്റ്റര്‍ വലിച്ചുകീറുക, സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ഇടുക ഒക്കെ ചെയ്യുന്നവരുണ്ട്.

മോഹന്‍ലാലിനെപ്പോലെയുള്ള വലിയ നടന്മാര്‍പോലും സോഷ്യല്‍ മീഡിയ വഴി തകര്‍ക്കപ്പെടുന്നു. ഇതിനെല്ലാത്തിനും പിന്നില്‍ രാഷ്ട്രീയമാണ് എന്നൊക്കെ പറയുമ്പോള്‍ ഒരുപാട് പേര്‍ മടിക്കും. എന്നാലും വന്നാല്‍ നമുക്ക് സന്തോഷമാണെന്ന് മുകേഷ് പറഞ്ഞു.

കഴിഞ്ഞതവണ ആസിഫ് അലി എന്റെ പ്രചരണത്തിനുവന്നിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ കൂടെയുണ്ടായിരുന്നു. ഇത്രയും പേര്‍ സ്‌നേഹിക്കുന്നുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞെന്നാണ് ആസിഫ് എന്നോടു പറഞ്ഞത്. കാരണം ജീപ്പിനുപിറകെ കിലോമീറ്ററുകളോളമാണ് ആളുകള്‍ വരുന്നത്. മതിയെന്ന് ആസിഫ് അലി പറഞ്ഞിട്ടുപോലും ആളുകള്‍ വിടുന്നില്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അതൊക്കെ കോണ്‍ഫിഡന്‍സ് കിട്ടുന്ന കാര്യമാണ്. മുകേഷ് ചൂണ്ടിക്കാട്ടി.

ചൂടിന്റെ കാഠിന്യം എത്രയാണെന്ന് പുറത്തുനില്‍ക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നുണ്ട്. സ്വന്തം ആരോഗ്യംകൂടി എല്ലാവരും ശ്രദ്ധിക്കണം. മരണമല്ലെങ്കില്‍ വിജയം എന്നുള്ളതല്ല, ജീവിച്ചിരിക്കുമ്പോള്‍ വിജയംകാണുക എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :