വിവാഹ ജീവിതത്തില്‍ ആമിര്‍ ഖാനുമായി വലിയ വഴക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് സംവിധായക കിരണ്‍ റാവു. പരസ്പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നും അതാണ് തങ്ങളുടെ ബന്ധത്തിന്റെ കാതല്‍ എന്നും സംവിധായിക പറഞ്ഞു. കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ‘ലാപ്താ ലേഡീസ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ദാമ്പത്യ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് വിവാഹിതരായ മിക്ക ആളുകളും പറയാറുണ്ട്. അത് ശരിയാണ്. ഞാനും അത്തരത്തിലുള്ള വെല്ലുവിളികളിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാല്‍ ഞാനും ആമിറും തമ്മില്‍ വലിയ വഴക്കുകള്‍ നടന്നിട്ടില്ല. ഇത് വളരെ അപൂര്‍വമാണ്. പക്ഷെ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും വലിയ വഴക്കില്‍ എത്തിയിട്ടില്ല.
ഞങ്ങള്‍ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബന്ധം ഇങ്ങനെയാണ്, അത് ബഹുമാനത്തോടെ അംഗീകരിക്കുന്നു. എന്നാല്‍ അഹങ്കരിക്കുന്നില്ല. അതാണ് ഞങ്ങളുടെ വിവാഹത്തിന്റെ കാതല്‍. ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് ആളുകള്‍ നേരിട്ട പ്രശ്നങ്ങളൊന്നും ഞങ്ങളുടെ ബന്ധത്തില്‍ ഇല്ലായിരുന്നു. ഉയര്‍ച്ച താഴ്ചകളില്‍ പിന്തുണച്ച് ഞങ്ങള്‍ ഒപ്പം നിന്നു’ എന്നും കിരണ്‍ പറഞ്ഞു.
2010ല്‍ പുറത്തിറങ്ങിയ ‘ധോഭി ഘട്ടിന്’ശേഷം കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാപത ലേഡീസ്’. മാര്‍ച്ച് ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത് . നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത്ര, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന് കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. 2021 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ വിവാഹമോചനമായിരുന്നു ഇത്. ആസാദ് റാവു ഖാനാണ് ഇവരുടെ മകന്.
