നടന്‍ മനോജ് കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. ജയവിജയ സഹോദരന്മാരില്‍ പ്രശസ്തനാണ്. തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം.

നടന്‍ മനോജ് കെ ജയന്‍ മകനാണ്. ശ്രീകോവില്‍ നട തുറന്നു…., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക…, രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ… തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍.

ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ തന്നെയായിരുന്നു. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം രചന നിര്‍വഹിച്ചത്.

നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നക്ഷത്രം ദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങള്‍.

ശബരിമലയില്‍ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവില്‍ നട തുറന്നു…. എന്ന ഗാനമാണ്. 1991ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. 2019ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Vijayasree Vijayasree :