വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞഅ നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇടയ്ക്ക് നടി പല ഗോസിപ്പുകളിലും നിറഞ്ഞ് നിന്നിട്ടുണ്ടെങ്കിലും അതൊന്നും സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാൽ തമിഴ് നടൻ മാധവനും കാവ്യയും വിവാഹിതരായെന്ന തരത്തിൽ ചില കഥകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇതേ കുറിച്ച് പറയുന്ന കാവ്യയുടെ പഴയ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. തന്നെ പറ്റിയുള്ള ഇത്തരമൊരു ഗോസിപ്പ് പടച്ചിറക്കി വിട്ടത് നടൻ ജയസൂര്യയാണെന്നാണ് കാവ്യ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനായി തമിഴ്‌നാട്ടിൽ പോയപ്പോഴാണ് മാധവന്റെ ഭാര്യയാണെന്ന തരത്തിൽ കഥ വന്നതെന്ന് കാവ്യ പറയുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു അവാർഡ് വേദിയിൽ സംസാരിക്കവേ നടൻ മാധവനോട് തന്നെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഞാൻ നായികയായി അഭിനയിച്ച് തുടങ്ങിയ കാലത്ത് ഊട്ടിയിൽ സിനിമയുടെ ചിത്രീകരണത്തിനായി പോയി. എന്റെ പേര് ശരിക്കും കാവ്യ മാധവൻ എന്നാണ്. നിങ്ങൾ അന്ന് ടോപ്പ് സ്റ്റാറാണ്. എന്നെ അവിടെയുള്ള ആളുകൾക്ക് അത്രയധികം അറിയുകയില്ല. പക്ഷേ തമിഴ്‌നാട്ടിൽ ചെന്നത് ആദ്യമാണെങ്കിലും ആളുകൾ എന്നെ വന്ന് നോക്കിയിട്ട് പോയി കൊണ്ടിരിക്കുകയാണ്.എന്നെ കാണാൻ തമിഴ്‌നാട്ടിൽ നിന്നും ആളുകളൊക്കെ ഇങ്ങനെ വരുന്നതെന്ന് എനിക്കും ആദ്യം മനസിലായില്ല.
അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ആ സിനിമയിലെ ഹീറോ ജയസൂര്യയാണ്. അദ്ദേഹം അവിടെയുള്ള എല്ലാവരോടും പറഞ്ഞത് നടൻ മാധവന്റെ ഭാര്യയാണ് ഇവിടെ വന്ന് അഭിനയിക്കുന്ന കാവ്യ മാധവൻ എന്ന്. അതുകൊണ്ട് മാധവന്റെ ഭാര്യയെ കാണുന്നതിന് വേണ്ടിയായിരുന്നു അവിടെയുള്ള ആളുകൾ എനിക്ക് ചുറ്റും വന്നത്. മുൻപൊന്നും ഇത് പറയാനൊരു അവസരം കിട്ടിയിരുന്നില്ല. ഇപ്പോഴിങ്ങനൊരു അവസരം കിട്ടിയപ്പോൾ പറഞ്ഞതേയുള്ളുവെന്ന്’ കാവ്യ പറയുന്നു.
അതിലൊരു പ്രശ്‌നവുമില്ലെന്നായിരുന്നു മാധവന്റെ മറുപടി. മാത്രമല്ല ഞാനെന്റെ ആദ്യ സിനിമയിൽ പറഞ്ഞൊരു ഡയലോഗുണ്ട്. അഡ്ജസ്റ്റ് ചെയ്യാമെന്ന്. അത് തന്നെ ഇവിടെയും പറയുന്നതായി അദ്ദേഹം പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കാവ്യ ഇംഗ്ലീഷിൽ പറയാൻ ശ്രമിച്ചിട്ട് ഭാഷ അറിയില്ലാത്തത് കൊണ്ട് തമിഴിലാണ് സംസാരിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനമുന്നയിച്ചത്. ഇട്ട് മൂടാൻ പണം ഉണ്ടായിട്ട് എന്താ കാര്യം. ഒരു ടീച്ചറെ വെച്ച് ഇംഗ്ലീഷ് പഠിക്കാൻ പറ്റിയിട്ടില്ലല്ലോ. അതൊക്കെ മഞ്ജുവിനെ കണ്ട് പഠിക്കണം. ഇംഗ്ലീഷൊക്കെ എത്ര മനോഹരമായാണ് കൈകാര്യം ചെയ്യുന്നത് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എന്നാൽ കാവ്യയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അറിയാത്ത കാര്യം അറിയില്ലെന്ന് തന്നെ കാണിച്ച നടിയെ അഭിനന്ദിക്കുകയാണ് ഇവർ. ഇംഗ്ലീഷ് സംസാരിക്കാൻ കോൺഫിഡന്റ് അല്ലെങ്കിൽ നമ്മുടെ മാതൃഭാഷ പറയുക. അതിൽ അഭിമാനം മാത്രം കൊള്ളുക. ഭാഷ സംസാരിക്കാൻ അറിയില്ലെന്നത് ഒരു കുറവ് അല്ല.
അവർ അവർക്ക് അറിയുന്ന ഭാഷയിൽ പറഞ്ഞു. നമ്മൾ ആണെങ്കിലും പെട്ടന്ന് അറിയാവുന്ന വാക്കുകൾ പോലും വരില്ല. ശരിക്കും അറിയാത്ത കാര്യം അറിയില്ലെന്ന് പറയുന്നത് ഒരിക്കലും ഒരു കുറവ് അല്ലെന്നാണ് കാവ്യയോട് ആരാധകർ പറയുന്നത്. ആ സ്റ്റേജിൽ കാവ്യ മാധവൻ വളരെ ധൈര്യത്തോടെയാണ് സംസാരിച്ചതെന്നും ഇക്കൂട്ടർ പറയുന്നു.