കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്തയായിരിക്കുന്നത് കന്നട ചിത്രം കാന്താരയുടെ വിജയമാണ്. മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. കര്‍ണാടകയില്‍ നിന്ന് മാത്രം 100 കോടിയിലേറെ വരുമാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലും രാജ്യത്തിന് പുറത്തും റിലീസ് ചെയ്ത ചിത്രത്തിന്റെ വരുമാനം 200 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയതോടെയാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിയത്. 2022 ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ കന്നട ചിത്രമായിരിക്കുകയാണ് കാന്താര. യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 2 വാണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനത്ത്.
കൂടാതെ കന്നട സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ചിത്രം എന്ന റെക്കോഡും കാന്താര സ്വന്തമാക്കി. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം.
മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടിയ്‌ക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.