ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ സംയുക്തമായി തുടങ്ങിയ നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. കലാമൂല്യമുള്ള സിനിമകളാണ് ഭാവന സ്റ്റുഡിയോസ് നിർമിക്കുന്നതെന്നാണ് പൊതുവേയുള്ള സംസാരം.
ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് കനി കുസൃതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ആളുകൾ എന്നെ വഴക്ക് പറയുമോയെന്ന് അറിയില്ല. പക്ഷെ ഞാൻ ആലോചിച്ചു, അവർ ഫഹദിന്റെ കൂടെ പല തവണ വർക്ക് ചെയ്തു, തുടരെ സിനിമകൾ ചെയ്തു. എന്നാൽ അപർണ മാത്രമാണ് അവരുടെ ഒരു റിപ്പീറ്റഡ് സിനിമയിൽ വന്നിട്ടുള്ള നായിക.
ബാക്കി അവരുടെ നായികമാരോ നടിമാരോയൊന്നും അവരുടെ വേറെയൊരു സിനിമയിലും വന്നിട്ടില്ല. എനിക്ക് തോന്നും അതെന്താണെന്ന്. അവരുടെ പടങ്ങളിൽ നടിമാർ എപ്പോഴും പുതിയ ആളുകളാണ്. പക്ഷെ അപർണ മാത്രമേ റിപ്പീറ്റ് ആയി വന്നിട്ടുള്ളൂവെന്നാണ് എന്റെ ഓർമ. തങ്കം എന്ന സിനിമയിൽ.
ബാക്കി മഹേഷിന്റെ പ്രതികാരത്തിലെ ലിജോ മോൾ ആണെങ്കിലും, ഗ്രേസ് ആണെങ്കിലും വളരെ രസമുള്ള നടിമാരാണ്. ഒരുപാട് റേഞ്ച് അവർക്കുണ്ടെന്ന് എനിക്ക് കാണുമ്പോൾ തോന്നാറുണ്ട്. അല്ലെങ്കിൽ അവർക്കൊരു അവസരം നൽകിയാൽ ലിജോ മോൾ ആണെങ്കിലും ഗ്രേസ് ആണെങ്കിലും അസാധ്യമായി ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നുണ്ട്. ഞാൻ ഒരു സംവിധായികയാണെങ്കിൽ ഒരുപക്ഷേ അവർക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ട് എന്നാണ് കനി പറഞ്ഞത്.
ആവേശം കണ്ടപ്പോൾ അതുപോലെ ഇടിച്ചുനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയിരുന്നെന്നും, എന്നാൽ പക്ഷെ ആ കഥയ്ക്ക് അങ്ങനെയൊനൊരു കഥാപാത്രം ആവശ്യമില്ലെങ്കിൽ കുത്തിത്തിരുകി കയറ്റേണ്ട ആവശ്യമില്ലെന്നും കനി കുസൃതി പറഞ്ഞിരുന്നു.
കനി ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.