പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. കങ്കണ സംവിധാനം ചെയ്ത് അഭിനയിച്ച ‘എമർജൻസി’ എന്ന ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഈ വേളയിൽ ഈ ചിത്രം ഓസ്‌കർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഒരു ആരാധകന്റെ കമന്റിന് കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ഓസ്‌കർ അമേരിക്ക കൈയ്യിൽ വെയ്ക്കട്ടെ, തങ്ങൾക്ക് ദേശീയ അവാർഡ് ഉണ്ടെന്നാണ് കങ്കണ പറയുന്നത്. എമർജൻസി ഓസ്‌കർ നേടണം എന്ന് പറഞ്ഞുകൊണ്ട് എത്തിയ ഒരു കുറിപ്പ് പങ്കുവച്ചാണ് കങ്കണ പ്രതികരിച്ചത്. ‘എമർജൻസി ഇന്ത്യയിൽ നിന്നുള്ള ഓസ്‌കർ പുരസ്‌കാരത്തിനുള്ള എൻട്രിയാകണം’ എന്നാണ് കുറിപ്പിലുള്ളത്.
അമേരിക്ക അതിന്റെ യഥാർത്ഥ മുഖം അംഗീകരിക്കാൻ താൽപര്യപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമർജൻസിയിൽ തുറന്നുകാട്ടപ്പെട്ടു. അവരുടെ സില്ലി ഓസ്‌കർ അവരുടെ കയ്യിൽ തന്നെ വയ്ക്കട്ടെ. ഞങ്ങൾക്ക് ദേശീയ അവാർഡുണ്ട് എന്നാണ് കങ്കണ പറഞ്ഞത്.
ഇന്ദിരാഗാന്ധിയായി ആണ് കങ്കണ ചിത്രത്തിലെത്തുന്നത്. അടിയന്തരാവസ്ഥ കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. സഞ്ജയ് ഗാന്ധിയായി വിശാഖ് നായരും, ജയപ്രകാശ് നാരായണനായി അനുപം ഖേറും, അടൽ ബിഹാരി വാജ്‌പേയിയായി ശ്രേയസ് തൽപാഡെയും, ജഗ്ജീവൻ റാമായി സതീഷ് കൗശിക്കും, ഫീൽഡ് മാർഷൽ സാം മനേക്ഷായായി മിലിന്ദ് സോമനും ചിത്രത്തിൽ അഭിനയിക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജനുവരി 17നാണ് ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. തിയേറ്ററിൽ റിലീസ് ചെയ്ത് കൃത്യം രണ്ട് മാസത്തിന് ശേഷം ഒടിടിയിലുമെത്തി.
കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമർജൻസി. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രത്തിലൂടെയാണ് നടി സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. 2019ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്.