കാവ്യ കല്ല്യാണം കഴിഞ്ഞ് ഗള്‍ഫില്‍ ജീവിച്ച് തിരിച്ചുവന്ന് വീണ്ടും സിനിമയില്‍ സജീവമായ സമയത്താണ് ഗദ്ദാമയിലേയ്ക്ക് ക്ഷണിക്കുന്നത്; നടിയുടെ മറുപടി ഇങ്ങനെയായിരുന്നു; കമല്‍

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് കഴിയുകയാണ്. പലപ്പോഴും സിനിമയിലേയ്ക്ക് തിരിച്ച് വരുമോ എന്ന ചോദ്യങ്ങള്‍ക്ക് ഇല്ല എന്നൊരു ഉത്തരം മാത്രമാണ് നടി നല്‍കാറുള്ളത്. മാത്രമല്ല പൊതുവേദികളില്‍ നിന്നും നടി മാറി നില്‍ക്കുന്നതില്‍ ആരാധകരും നിരാശരാണ്. വല്ലപ്പോഴും എന്തെങ്കിലും ഫംങ്ഷനുകളിലാണ് കാവ്യ എത്താറുള്ളത്.

പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയവയാണ് കരിയറില്‍ കാവ്യയ്ക്ക് ലഭിച്ച അഭിനയ പ്രാധാന്യമുള്ള സിനിമകള്‍. 2011 ലാണ് ഗദ്ദാമ റിലീസ് ചെയ്യുന്നത്. കമല്‍ സംവിധാനം ചെയ്ത സിനിമയിലെ പ്രധാന കഥാപാത്രമാണ് കാവ്യക്ക് ലഭിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ സിനിമയിലൂടെ കാവ്യക്ക് ലഭിച്ചു. സിനിമയില്‍ കാവ്യയെ നായികയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് കാവ്യയെ ഗദ്ദാമയിലെ നായികയാക്കിയതെന്ന് കമല്‍ പറയുന്നു. കാവ്യ മാധവനെയാണ് ഗദ്ദാമയായി തീരുമാനിച്ചത്. ആദ്യത്തെ കല്യാണം കഴിഞ്ഞ് ഗള്‍ഫില്‍ ജീവിച്ച് തിരിച്ച് വന്ന് വീണ്ടും സജീവമായ സമയത്താണ് ഈ വേഷം അഭിനയിക്കാന്‍ ഞാന്‍ കാവ്യയെ വിളിക്കുന്നത്. ഗള്‍ഫിലെ കഥയും കാര്യങ്ങളുമെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആ ക്യാരക്ടര്‍ ചെയ്യാന്‍ കാവ്യ തയ്യാറായെന്നും കമല്‍ പറഞ്ഞു.

ഗദ്ദാമയെക്കുറിച്ചുള്ള മറ്റ് ഓര്‍മകളും കമല്‍ പങ്കുവെച്ചു. സൗദിയാണ് സിനിമയുടെ കഥാപശ്ചാത്തലം. എന്നാല്‍ ഇന്നത്തെ പോലെ അല്ല, അന്ന് സൗദിയില്‍ ഷൂട്ടിംഗിന് അനുമതിയില്ല. ദുബായില്‍ വെച്ച് ഷൂട്ട് ചെയ്യാനും സാധിക്കില്ല. കാരണം ലൊക്കേഷന്‍ മനസിലാകുമല്ലോ. അവസാനം യുഎഇയിലെ ഫുജൈറയില്‍ നിന്നാണ് സിനിമ ഷൂട്ട് ചെയ്തത്. സിനിമയുടെ ചില ഭാഗങ്ങള്‍ ഷാര്‍ജയില്‍ നിന്നാണ് ഷൂട്ട് ചെയ്തത്.

കാവ്യയുടെ കഥാപാത്രം കഴിയുന്ന അറബിയുടെ വീടൊക്കെ ഷാര്‍ജയിലാണ്. എന്നാല്‍ അവരോട് കഥ കൂടുതലായി വെളിപ്പെടുത്തിയിരുന്നില്ല. കാരണം സിനിമയില്‍ അറബികളെ മോശമായി അവതരിപ്പിക്കുന്ന രംഗങ്ങളൊക്കെ ഉണ്ട്. സിനിമയില്‍ അറബികളായിട്ടുള്ള കഥാപാത്രങ്ങള്‍ ഉണ്ട്. അറബിയല്ലാതെ അവര്‍ക്ക് മറ്റൊരു ഭാഷ അറിയില്ല. അവരെ കൊണ്ട് അവരെ പറയിപ്പിക്കാനൊക്കെ വലിയ രീതിയില്‍ ബുദ്ധിമുട്ടി.

ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഒരു പ്രശ്‌നം ഉണ്ടായത്. ഫുജൈറയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ വാഹനങ്ങളിലെല്ലാം സൗദിയുടെ നമ്പര്‍ പ്ലേറ്റ് വെച്ചിരുന്നു. സിനിമയില്‍ സൗദി പോലീസ് വരുന്നൊരു രംഗമുണ്ട്. പോലീസിന്റെ ബോര്‍ഡ് വെച്ച് ഷൂട്ടിംഗ് നടക്കുമ്പോള്‍ യുഎഇയിലെ യഥാര്‍ത്ഥ പോലീസുകാര്‍ വന്നു. വാഹനം കണ്ടതോടെ ഇവര്‍ വയര്‍ലസില്‍ സന്ദേശം കൈമാറി.

വണ്ടി തടഞ്ഞു. വലിയ പ്രശ്‌നമായി. വണ്ടി പിടിച്ചോണ്ട് പോയി. ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു. ഞങ്ങളുടെ സ്‌പോണ്‍സര്‍ ഫുജൈറ എയര്‍പോര്‍ട്ടിലെ ജിഎമ്മുമായി ഞങ്ങളെ കണക്ട് ചെയ്ത് തന്നു. അദ്ദേഹവുമായി ഒരുപാട് സംസാരിച്ചു പോലീസിനോട് സംസാരിച്ചു. അങ്ങനെ പ്രശ്‌നം പരിഹരിച്ചു. ഒടുവില്‍ അദ്ദേഹത്തെ നിര്‍ത്തിയാണ് റോഡിലൂടെയുള്ള രംഗങ്ങളൊക്കെ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍, അരുണ്‍ ഗോപി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ഗദ്ദാമയിലെ മറ്റ് പ്രധാന വേഷം ചെയ്തത്. വീട്ടുജോലിക്ക് ഗള്‍ഫ് രാജ്യങ്ങളിലെത്തുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാനായി. സിനിമാ ലോകത്ത് നിന്ന് ഏറെക്കാലമായി മാറി നില്‍ക്കുകയാണ് കാവ്യ മാധവന്‍. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപുമായുള്ള രണ്ടാം വിവാഹത്തോടെയാണ് കാവ്യ കരിയര്‍ വിട്ടത്.

നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. കാവ്യ മാധവനൊപ്പം കരിയറില്‍ സജീവമായിരുന്ന നവ്യ നായര്‍, മീര ജാസ്മിന്‍ തുടങ്ങിയ നടിമാര്‍ കുറേക്കാലം മാറി നിന്നെങ്കിലും ഇവര്‍ ഇപ്പോള്‍ സിനിമാ രംഗത്ത് സജീവമാണ്. കാവ്യയും ഇവരെ പോലെ തിരിച്ച് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം മാളവിക ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ കാവ്യയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Vijayasree Vijayasree :