ഗാന്ധിയെ ‘മഹാത്മ’ എന്ന ചേർത്ത് വിളിക്കില്ല, അദ്ദേഹത്തിന്റെ വിമർശകനായാണ് ഞാൻ തുടങ്ങിയത്, പിന്നീട് ഫാനായി, ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനാകാനില്ല; കമൽ ഹാസൻ

വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും വ്യത്യസ്തനായി നിൽക്കുന്ന താരമാണ് കമൽ ഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഗാന്ധിയെ ‘മഹാത്മ’ എന്ന ചേർത്ത് വിളിക്കില്ലെന്നാണ് കമൽഹാസൻ പറയുന്നത്. മിസ്റ്റർ ഗാന്ധി. ഞാൻ മഹാത്മാഗാന്ധി എന്നു പറയാറില്ല. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വിമർശകനായാണ് ഞാൻ തുടങ്ങിയത്, പിന്നീട് ഫാനായി. ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനാകാനില്ല. അതിന് ഒരു സാധ്യതയുമില്ല.

പക്ഷേ ഒരു കാര്യം പറയാം, ഗാന്ധിയെ പോലെ ജീവിക്കാൻ അസാമാന്യ ധൈര്യം വേണം. അതും വീര്യം തന്നെയാണ്. സുഭാഷ് ചന്ദ്ര ബോസ് അത് ഉപയോഗിച്ചു, ഗാന്ധി അത് പിടിച്ചുവെച്ചു എന്നു മാത്രം. ഈ ലോകത്ത് ഹിംസയും അഹിംസയും ആവശ്യമാണ്. നമ്മൾ എന്തു തിരഞ്ഞെടുക്കുന്നു എന്നതാണ് മുഖ്യം. ഇനി ഗാന്ധിയെ പോലെ ഒരാൾ ജീവിക്കില്ല എന്നു പറയുന്നവരുണ്ട്.

അല്ലെങ്കിൽ അങ്ങനെ ഒരാൾ ജനിക്കില്ല എന്നു പറയുന്നു. അങ്ങനെയുള്ളവർ ഇല്ല എന്ന് ഉറപ്പാണോ. അന്വേഷിച്ച് നോക്കിയിട്ടുണ്ടോ. അങ്ങനെയുള്ളവർ ഉണ്ട് എന്നും കമൽഹാസൻ പറഞ്ഞു. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ജൂലൈ 12 നാണ് ഇന്ത്യൻ 2 വിന്റെ റിലീസ്. ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന. ഇന്ത്യൻ 2 വിൻറെ റിലീസ് വിവധ കാരണങ്ങളാൽ നീണ്ട് നീണ്ട് പോകുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാൽ സിനിമയുടെ പ്രവർത്തനം നിർത്തിവേക്കേണ്ടി വന്നിരുന്നു.

ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ 3 പേർ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു. അതേസമയം ഇന്ത്യൻ 2 വിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി ആശാൻ രാജേന്ദ്രൻ എന്നയാൾ മധുര കോടതിയിൽ ഹർജി നൽകിയിരുന്നു.

സിനിമ തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലോ പ്രദർശിപ്പിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വർമകലൈയിലെ മുഖ്യ അധ്യാപകനാണ് ആശാൻ രാജേന്ദ്രൻ.

ഇന്ത്യൻ സിനിമയിൽ കമൽഹാസന് വർമകലൈയുമായി ബന്ധപ്പെട്ട ചില ടെക്‌നിക്കുകൾ ആശാൻ രാജേന്ദ്രനാണ് പഠിപ്പിച്ചു നൽകിയത്.

സിനിമയിൽ ഇദ്ദേഹത്തിന്റെ പേരും ക്രെഡിറ്റിൽ നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ-2 വിൽ ഈ ടെക്‌നിക്കുകൾ തന്റെ അറിവില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.

Vijayasree Vijayasree :