വിശ്വരൂപം 2 ക്ക് ആരാധകര്‍ ഇത്രയേറെ പ്രതീക്ഷകള്‍ നല്‍കുന്നത് എന്തുകൊണ്ട്…???
ഏറെ നാളായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന കമല്‍ ഹാസന്റെ ചിത്രമാണ് വിശ്വരൂപം 2. കമന്‍ ഹാസന്റെ ആദ്യ സീക്വല്‍ കൂടിയാണീ ചിത്രം. 1960ല്‍ ബാല താരമായി തമിഴകത്തിലൂടെ വെള്ളിത്തിരയിലെത്തിയ കമല്‍ ഹാസന്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിലായി 200ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും കമല്‍ ഹാസന്‍ ഒരു സീക്വല്‍ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. 2013ല്‍ കമല്‍ ഹാസന്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. ഇതുതന്നെയാണ് കമല്‍ ഹാസന്റെ ആദ്യത്തെ സീക്വലും.
പ്രധാനമായും തമിഴില്‍ റിലീസ് ചെയ്യുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ചിത്രം ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആഗസ്റ്റ് 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിശ്വരൂപം 2 യുഎസ്സില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണിപ്പോള്‍. മാഗ്‌നം മൂവീസ് ഇറക്കിയ വാര്‍ത്താസമ്മേളത്തിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗസ്റ്റ് ഒമ്പതിന് യുഎസ്സിലെ നിരവധി തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടത്താനാണ് തീരുമാനം. കമല്‍ ഹസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ ചിത്രമാണ് വിശ്വരൂപം 2. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ആരാധകര്‍ നാളേറെയായി കാത്തിരിക്കുകയാണ് വിശ്വരൂപം രണ്ടാം ഭാഗത്തിനായി. ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളിലാണ് വിശ്വരൂപം 2 റിലീസിനെത്തുന്നത്.
2015ല്‍ പുറത്തിറങ്ങിയ തൂങ്ക വനം എന്ന ചിത്രത്തിന് ശേഷമുള്ള കമലിന്റെ ചിത്രം കൂടിയാണിത്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാശ്മീരി മുസ്ലിം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ആദ്യഭാഗ ചിത്ര പശ്ചാത്തലം. രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. 17 കട്ടോടുകൂടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ചിത്രം എന്ന പ്രത്യേകതയും വിശ്വരൂപം 2 വിനുണ്ട്. ഇക്കാര്യത്തില്‍ രജനികാന്തും ഒരേരീതിയാണ് കാഴ്ച്ചവെച്ചത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ചിത്രമായിരുന്നു കാല. കാലയും വിശ്വരൂപം 2 വും രണ്ട് ചിത്രങ്ങള്‍ ആണെങ്കില്‍ കൂടിയും രണ്ടും ഒരേ സന്ദേശമാണ് നല്‍കുന്നത്. സാമൂഹ്യ നീതിയുടെ കാര്യത്തില്‍ രണ്ടു ചിത്രങ്ങളും ഒരേ സന്ദേശം നല്‍കുന്നു.
ചിത്ത്രതിലെ പുതിയ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. 0.59 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. യൂടൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ച് ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം 2 ട്രെയിലര്‍. 1,532,492 പേരാണ് രണ്ടു ദിവസം മുമ്പ് പുറത്തിറങ്ങിയ ട്രെയിലര്‍ കണ്ടിരിക്കുന്നത്. യൂടൂബ് ട്രെന്‍ഡിംഗില്‍ അഞ്ചാം സ്ഥാനത്താണ് ചിത്രത്തിന്റെ പുതുതായി പുറത്തിറങ്ങിയ തമിഴ് ട്രെയിലര്‍.
ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ സി.ചാരുഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ തന്നെയായിരുന്നു. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും രാജ്കമല്‍ ഫിലിംസാണ് നിര്‍മ്മാണം.
Kamal Hassan Vishwaroopam 2 preview