പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ നടക്കുന്നുണ്ടെന്ന് കലാഭവന്‍ ഷാജോണ്‍.
സുബീഷ് സുബി അഭിനയിച്ച ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേരിലെ ഭാരത് എന്ന വാക്ക് ഒഴിവാക്കാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഷാജോണിന്റെ പ്രതികരണം.
‘ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്നൊരു പടം വന്നു. പക്ഷെ അതിലെ ഭാരതം എന്ന വാക്ക് പേരില്‍ നിന്ന് കട്ട് ചെയ്ത് ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന പേരിലാണ് റിലീസായത്. ആരാണ് ഈ ഭാരത് എടുത്ത് മാറ്റണമെന്ന് പറഞ്ഞത്.
ഭാരതം ഇടുന്നതില്‍ എന്താണ് തെറ്റ്. ആരുടേയാണ് ഭാരതം. ഇതൊക്കെ നമ്മള്‍ കലാകാരന്‍മാര്‍ ചോദിക്കേണ്ട ചോദ്യം. തന്നെയാണ്’. പക്ഷെ പലപ്പോഴും നമുക്ക് മിണ്ടാന്‍ പേടിയാണ് അല്ലെങ്കില്‍ എന്തെങ്കിലും വന്നാല്‍ ശബ്ദിക്കാന്‍ പേടിയാണ്. ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ നല്ലത് എന്ന് ഞാനടക്കമുള്ള കലാകാരന്‍മാര്‍ ചിന്തിക്കാറുണ്ട്.
പക്ഷെ നമുക്ക് തെറ്റ് പറയാന്‍ പറ്റില്ല. ചിലര്‍ പറയാറുണ്ട്, നിങ്ങള്‍ കലാകാരന്‍മാരല്ലേ നിങ്ങള്‍ക്ക് സംസാരിച്ചൂടെ, ഇതിനെതിരെ സംസാരിക്കണ്ടേയെന്നെല്ലാം.
നമുക്കൊരു കുടുംബമുണ്ട്. എല്ലാവരും അത് തന്നെയല്ലേ ആലോചിക്കുന്നത്. സമാധാനപരമായ ഒരു ജീവിതം അതല്ലേ എല്ലാവരുടെയും ആഗ്രഹം’, ഷാജോണ്‍ പറഞ്ഞു.
‘ഞങ്ങള്‍ ആഗ്രഹിക്കുന്നതും അതൊക്കെയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ നല്ല പ്രയാസമുണ്ട്. ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന പോലെ ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴുണ്ട്,’കലാഭവന്‍ ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.