സോബിൻ കള്ളമൊഴി നൽകിയത് ആർക്ക് വേണ്ടി?

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ മിമിക്രി താരം കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമെന്ന് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറി. കലാഭവന്‍ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്.

ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം അശ്രദ്ധയും അമിത വേഗതയുമാണെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഉണ്ട്. സോബി അപകട സമയത്ത് കണ്ടെന്ന് പറയുന്ന ജിഷ്ണുവും വിഷ്ണുവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഇതിന് തെളിവായി ഫോണ്‍ ലൊക്കേഷനുകളും പാസ്‌പോര്‍ട്ട് രേഖകളും ഉണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അപകടസമയത്ത് താന്‍ ആ വഴി വന്നിരുന്നുവെന്നും സംശയാസ്പദമായി ജിഷ്ണു,വിഷ്ണു എന്നിവരെ കണ്ടെന്നുമായിരുന്നു മൊഴി. സംഭവസ്ഥലത്തുനിന്ന് ഒരാള്‍ ഓടി പോകുന്നതും മറ്റൊരാള്‍ ധൃതിയില്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടെന്നാണ് സോബി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ പരിശോധനയില്‍ ഇവര്‍ സംഭവസ്ഥലത്ത് ഇല്ലായിരുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

അസ്വാഭാവികമായ ഒന്നുമുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തിന് അടുത്ത് താമസിക്കുന്നവരുടെ മൊഴിയിലും വ്യക്തമാണെന്നും കലാഭവന്‍ സോബിക്ക് ഭീഷണിയുണ്ടെന്ന വാദവും കളവാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

kalabhavan soby

Sruthi S :