സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.
ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍. അച്ഛനും മകനുമൊപ്പം അഭിനയിക്കാന്‍ ഷാജോണിന് സാധിച്ചിട്ടുണ്ട്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയോളം തന്നെ ഹിറ്റാണ് ഷാജോണിന്റെ സഹദേവനും.
പ്രണവിനൊപ്പം അരുണ്‍ ഗോപിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഷാജോണ്‍ അഭിനയിച്ചിട്ടുള്ളത്. അച്ഛന്റെ ലെവല്‍ എന്താണെന്ന് അറിയാത്ത മകനാണ് പ്രണവെന്നും അവന്‍ തനിക്ക് എന്നും ഒരു അത്ഭുതമാണെന്നുമാണ് ഷാജോണ്‍ അഭിമുഖത്തില്‍ പ്രണവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
പ്രണവിന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് തോന്നുന്നു…. ഞാന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്. മോനെ അച്ഛന്‍ മലയാളികള്‍ക്ക് എന്താണെന്നോ… അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടുത്തവും ഉണ്ടോയെന്ന്. ഇങ്ങനെ ഞാന്‍ ഒരു ദിവസം പ്രണവിനോട് ചോദിച്ചതാണ്. അരുണ്‍ ഗോപിയുടെ സിനിമയിലാണ് ഞാനും പ്രണവും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എനിക്ക് അരുണ്‍ എന്തെങ്കിലും വിശദീകരിച്ച് തരികയാണെങ്കില്‍ അത് കേള്‍ക്കാന്‍ പ്രണവ് അവിടെ താഴെ വന്നിരിക്കും.’
‘ചെയറില്‍ ഇരിക്കാന്‍ പറഞ്ഞാലും വേണ്ടായെന്ന് പറഞ്ഞ് അവിടെ തന്നെ ഇരിക്കും. ഭക്ഷണം കഴിക്കുമ്പോഴും അങ്ങനെ തന്നെ എവിടെ എങ്കിലും പോയിരുന്ന് ഭക്ഷണം കഴിക്കും. അപ്പോള്‍ ഇതൊന്നും ആ പയ്യന്റെ തലയിലോട്ട് കേറിയിട്ടില്ല. അച്ഛന്റെ ഒരു ലെവല്‍ അറിഞ്ഞുകൂടാത്തതാണോ എന്നൊന്നും അറിഞ്ഞൂടാ. വലിയൊരു അത്ഭുതമാണ്. ഗംഭീര ഹ്യൂമണ്‍ ബീയിങ്ങാണ് അപ്പു. ഒരുപാട് പേര്‍ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അപ്പുവിലുണ്ട്’, എന്നാണ് ഷാജോണ്‍ പറഞ്ഞത്.
യാത്രയോട് മാത്രമല്ല അച്ഛനെപ്പോലെ തന്നെ മള്‍ട്ടി ടാലന്റഡാണ് പ്രണവും. സംഗീതവും സാഹസീകതയും പ്രണവിന് ഏറെ ഇഷ്ടമാണ്. താരത്തിന്റെ സോഷ്യല്‍മീഡിയ പേജ് നിറയെ യാത്രകളില്‍ താന്‍ കണ്ട കാഴ്ചകളുടെ ചിത്രങ്ങളാണ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്.
അവയില്‍ ചിലതൊക്കെ പരാജയപ്പെട്ടെങ്കിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനുശേഷം പ്രണവ് ചെയ്ത സിനിമകളെല്ലാം വിജയമായിരുന്നു. പ്രണവിന്റെ അഭിനയം ഏറെ മെച്ചപ്പെട്ടുവെന്നും പ്രേക്ഷകര്‍ കുറിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രണവ് മോഹന്‍ലാല്‍ സിനിമ. സമ്മിശ്ര പ്രതിരണം ലഭിച്ച സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും വൈറലാകാറുണ്ട്. അയാള്‍ക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആള്‍ ചെയ്‌തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹന്‍ലാല്‍ മുന്‍പ് നല്‍കിയ മറുപടി. അതിനിടയിലാണ് 2018 ല്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന സിനിമയില്‍ നായകനായി പ്രണവ് വേഷമിട്ടത്.
അന്ന് ചിത്രത്തിനായി പ്രണവ് വാങ്ങിച്ച പ്രതിഫലവും ചര്‍ച്ചയായിരുന്നു. വെറും ഒരു രൂപയാണ് താരരാജാവിന്റെ മകന്‍ പ്രതിഫലമായി വാങ്ങിയത്. പിന്നാലെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം, ഹൃദയം’ എന്നീ സിനിമകളിലെല്ലാം പ്രണവ് നായകനായി തിളങ്ങി. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ വര്‍ഷങ്ങള്‍ക്കിപ്പുറം എന്ന ചിത്രത്തിലും പ്രണവ് നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.