കഭി കഭി; മഞ്ഞിൽ പാറുന്ന ചുവന്ന ദുപ്പട്ട പൂവുകളിലേക്ക് വീഴുന്ന നിമിഷം പാട്ടവസാനിക്കുന്നു! കവി സുധീർ രാജിന്റെ കുറിപ്പ്.

കഭി കഭി; മഞ്ഞിൽ പാറുന്ന ചുവന്ന ദുപ്പട്ട പൂവുകളിലേക്ക് വീഴുന്ന നിമിഷം പാട്ടവസാനിക്കുന്നു! കവി സുധീർ രാജിന്റെ കുറിപ്പ്.

സാഹിർ ലുധിയാൻവി എഴുതിയ കഭി കഭി എന്ന ഗാനത്തെകുറിച്ച് കവി സുധീർ രാജിന്റെ കുറിപ്പ്. ഒപ്പം അഹമ്മദാബാദ് വട്സർ എയർഫോഴ്സ് സ്റ്റേഷനിലെ ചില ഓർമകളും അദ്ദേഹം പങ്ക് വെയ്ക്കുന്നു.

ഫേസ്ബുക് പോസ്റ്റ്‌

ഒരു കവിയുടെ കഥയായത് കൊണ്ടായിരിക്കണം കഭി കഭി എന്ന സിനിമ ഇഷ്ടപ്പെട്ടത്. ഹരിവംശ റായ് ബച്ചനെന്ന കവിയുടെ മകനായ അമിതാഭിന് സിനിമയിലെ കവിയാകാൻ അനായാസം കഴിഞ്ഞു. എന്റെ ജീവിതം പോലെ തന്നെ അയാൾ ഒരു ഘട്ടത്തിൽ പിതാവിന്റെ ബിസിനിസ്സായ കൺസ്ട്രക്ഷൻ ജോലിയിലേക്ക് കവിതയുപേക്ഷിച്ചു പോകുന്നുമുണ്ട് . മുകേഷിന്റെ പാട്ടുകളാണ് വടക്കെയിന്ത്യയിലെ മഞ്ഞുകാലം പോലെ മനസ്സിലേക്ക് കഭി കഭിയെ കൊണ്ടുവരുന്നത്.

ഒന്നുകിലൊരു രാത്രിവണ്ടിയിലെ സൈഡ് സീറ്റിൽ , ഇന്ത്യൻ കോഫിഹൗസിൽ ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ , അവസാന ഷോ കണ്ട് ഏതെങ്കിലുമൊരു ഗലിയിലൂടെ സിഗരറ്റ് പോലും കൊളുത്താനാവാതെ കിടു കിടുത്തു വരുമ്പോൾ. വലിയ പാട്ടുകാരനൊന്നുമല്ലെങ്കിലും അവസാനമായി ആ പാട്ട് തുറന്നു പാടുന്നത് , എല്ലാ വെള്ളിയാഴ്ചകളിലും അഹമ്മദാബാദ് വട്സർ എയർഫോഴ്സ് സ്റ്റേഷനിലെ SNCO’S ബാറിലായിരുന്നു . ജനലരുകിലിരുന്നു ഒരു പറ്റം കൂട്ടുകാരുടെ നടുവിലിരുന്ന്. അവസാനം ബാറിൽ കോറസ്സാകുന്ന ആ പാട്ടിൽ പല ഭാഷകൾ ദേശങ്ങൾ ഉടലുകൾ മനസ്സുകൾ കെട്ടിപ്പിടിച്ചിരുന്നു. അവസാന പെഗ്ഗ് ഒരിക്കലും തീരുമായിരുന്നില്ല.

പത്മ ഭൂഷണും ജ്ഞാനപീഠവും നേടിയ കവി ഫിരാഖ് ഗോരഖ്പുരിയുടെ പേര് , രഘുപതി സഹായ് എന്നായിരുന്നു. യു പിയിലെ ഗോരഖ്പൂരിൽ ഒരു കായസ്ഥ കുടുംബത്തിൽ ജനിച്ച അദ്ദേഹം ആ പേര് ഉറുദു പ്രേമം കാരണം തിരഞ്ഞെടുത്തതാണ്. പറഞ്ഞു വരുന്നതെന്തെന്നാൽ ഹിന്ദി കവികളുടെയും ഗാന രചയിതാക്കളുടെയും കൗതുകകരവും മനോഹരവുമായ പേരുകളെപ്പറ്റിയാണ് . മജ്റൂഹ് സുൽത്താൻപുരി , ഹസ്രത് ജയ്പുരി , ക്വമർ ജലാലാബാദി , സാഹിർ ലുധിയാൻവി , ഷക്കീൽ ബദായുനി …… ഇങ്ങനെ ഗസൽ പോലെയൊഴുകുന്ന പേരുകൾ . കഭി കഭി എന്ന ഗാനം സാഹിർ ലുധിയാൻവി എഴുതിയതാണ്.

മുള്ളുകളും പൂവുകളും നിറഞ്ഞ അതിശയവും പ്രതിഭയും ഭ്രമാത്മകതയും ദുരന്തവും പ്രണയവും നിറഞ്ഞ ഒരു ലാബറിന്തായിരുന്നു സാഹിർ ലുധിയാൻവി. അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ചു. 1942 ൽ ലാഹോറിലേക്ക് കുടിയേറിയ കവി കവിതയ്ക്ക് വെളിയിലേക്ക് രാഷ്ട്രീയമായി ചിന്തിക്കുന്ന ഒരാളായിരുന്നു . വിഭജനം കഴിഞ്ഞപ്പോൾ കമ്മ്യൂണിസം പ്രചരിപ്പിക്കുന്ന പ്രതിലോമകാരി എന്ന പേരിൽ പാകിസ്ഥാൻ സർക്കാർ അറസ്റ്റ് വാറണ്ട് അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചു .

1949 ൽ ഇന്ത്യയിലേക്ക് കുടിയേറിയ അദ്ദേഹം കവി ഗുൽസാറിന്റെ അയൽക്കാരനായി . അദ്ദേഹവും അമൃതാപ്രീതവും തമ്മിലുള്ള നിഗൂഢവും കടലിനെക്കാളും ആഴമുള്ള പ്രണയം വിവരിക്കാൻ കഴിയില്ല. ഒരിക്കലും സഫലമാകാത്ത ആ പ്രണയം അവരുടെ ജീവനെ തന്നെ കാർന്നുതിന്നുവെന്നു ഞാൻ കരുതുന്നു . ആ പ്രണയം കഭി കഭി എന്ന ഗാനത്തിലുണ്ടെന്നു അറിയാതെ മനസ്സു പറയുകയാണ്. മഞ്ഞിൽ പാറുന്ന ചുവന്ന ദുപ്പട്ട പൂവുകളിലേക്ക് വീഴുന്ന നിമിഷം പാട്ടവസാനിക്കുന്ന നിമിഷം എന്തൊരു ശൂന്യതയിലാണ് നിങ്ങൾ നിൽക്കുന്നതെന്ന് അനുഭവിക്കും . കഭി കഭിയ്ക്ക് സംഗീതം നൽകിയ മുഹമ്മദ് സഹൂർ ഖയ്യാമെന്ന , ഖയ്യാം ഇന്ന് വേറൊരു സിംഫണിയിലേക്ക് യാത്രയായി. ഉംറാവൂ ജാൻ പോലെയുള്ള ക്ലാസിക് സിനിമകളിലിൽ മനോഹരമായ അനശ്വര ഗാനങ്ങൾ നൽകിയ ഖയാൽ പോലെ പേരുള്ള ഖയ്യാം

Kavya Sree :