പലസ്തീന്റെ കാര്യം ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികളിൽ സംസാരിക്കാം; നവ്യ പറഞ്ഞു

വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത നവ്യ നായര്‍, നൃത്തിത്തിലൂടെ വീണ്ടും സജീവമായിരുന്നു. പിന്നാലെ സിനിമകളും ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. അഭിനയ സാധ്യകളുള്ള മികച്ച സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്ന നവ്യയുടെ ഇപ്പോഴത്തെ രീതി പ്രശംസനീയവുമാണ്. സിനിമയും ഡാന്‍സും കുടുംബവും എല്ലാം ഒരുപോലെ ബാലന്‍സ് ചെയ്തു പോകുന്ന തിരക്കിലാണ് നവ്യ. സിനിമയിൽ മാത്രമല്ല റിയാലിറ്റിഷോ ജഡ്‌ജായും തിളങ്ങുകയാണ് താരം.

ഇപ്പോഴിതാ കടുത്ത വയലൻസും ലഹരിയുമൊക്കെ നിറഞ്ഞ ഇന്നത്തെ സിനിമകൾ കലാലയങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് പറയുകയാണ് നവ്യാ നായർ. ആക്രോശവും ഉപദ്രവങ്ങളും നിറഞ്ഞ സിനിമകൾ കലാലയങ്ങളിൽ പ്രതിഫലിക്കുമ്പോൾ ജീവനുകളാണ് നഷ്ടമാകുന്നത്. പലസ്തീന്റെ കാര്യം നമ്മളിവിടെ ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികളിൽ സംസാരിക്കാമെന്ന് നവ്യ പറഞ്ഞു.

കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്യ. കലാലയ രാഷ്ട്രീയം വേണം. എന്നാൽ ലഹരിക്കടിമപ്പെട്ട് അക്രമങ്ങളുടെ ഭാഗമാകുമ്പോൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് നശിക്കുന്നത്. മുൻപ് സിനിമയിൽ ലഹരി ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ വെറുക്കുന്ന സമീപനമായിരുന്നു.

എന്നാൽ ഇന്ന് കഞ്ചാവിനെപ്പറ്റി പറയുമ്പോൾ തന്നെ തിയേറ്റിൽ വലിയ കൈയടിയാണ് ഉയരുന്നത്. കലാ കായിക രംഗത്ത് വിദ്യാർഥികൾ സജീവമായാൽ അവർ ദുശ്ശീലങ്ങളിലേക്ക് പോകില്ല. വിദ്യാർഥികൾ ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളാകരുത്. യുക്തിയോടെ കാര്യങ്ങളെ നോക്കുന്ന തലമുറയുണ്ടാകണമെന്നും കലോത്സവങ്ങൾ സമൂഹത്തിന് വലിയ പ്രതീക്ഷയാണെന്നും നവ്യ പറഞ്ഞു.

അതേസമയം യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സർവകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.

മലയാളത്തിന്റെ സ്വന്തം സെലിബ്രിറ്റികൾ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ നവ്യാ വേദിയില്‍ ഇരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. ഇതോടെ സ്വാഭാവികമായും പലരുടേയും സംശയം നവ്യയിലേക്ക് നീണ്ടു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നായിരുന്നു നവ്യ വ്യക്തമാക്കിയത്. താൻ വന്ന വഴി മറക്കില്ല. ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ‍ നഷ്ടമാകുന്നു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നതെന്നും നവ്യ പറഞ്ഞു.

അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം. സിനിമകളിലും മറ്റും കാണിക്കുന്ന കൊലപാതക രംഗങ്ങള്‍ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവിനെ പിന്തുണയ്ക്കുന്ന ഡയലോഗുകള്‍ക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട ഈ കാലത്ത് നല്ല മനുഷ്യരായും വിദ്യാർത്ഥികള്‍ ജീവിക്കണം. സമ്മേളനത്തിനു വൈകാൻ കാരണം ഭാരവാഹികൾ വൈകിയതിനാലാണെന്നും നവ്യ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് സിദ്ധാർത്ഥിന്റെ മരണത്തിൽ നവ്യ പങ്കുവെച്ച കുറുപ്പും വൈറലായിരുന്നു. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും താരം പറയുന്നു. യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും താരം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ… RIP Sidharth ..
എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ് , കൊല്ലരുതേ
ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..
NB ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ, ഇങ്ങനെയായിരുന്നു നടിയുടെ കുറിപ്പ്.

Athira A :