വലിയൊരു നടനായിരുന്നു, പടത്തിലെ പ്രധാന കഥാപാത്രമായിരുന്നു; 2018 സിനിമയിലെ ഒരു നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന് ജൂഡ് ആന്റണി ജോസഫ്

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു 2018. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയ വേളയിൽ, നിരവധി പേർ തങ്ങളുടെ ദുരനുഭവങ്ങൽ തുറന്ന് പറഞ്ഞ ഈ സാഹചര്യത്തിൽ, ജൂനിയർ ആർട്ടിസ്റ്റിന് ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ്.

അദ്ദേഹത്തിന്റെ തന്നെ 2018 എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നത്. അദ്ദേഹം വലിയൊരു നടനായിരുന്നു. പടത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂർത്തിയാക്കിയത്.

ആരോപണ വിധേയരുടെ പേരുകൾ പുറത്തുവരണം. കാടടച്ച് വെടി വയ്ക്കരുത്. തെളിവുകൾ ഉണ്ടെങ്കിൽ അതും പുറത്തുവരണം. തെറ്റ് ചെയ്തവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം എന്നുമാണ് ജൂഡ് ആന്റണി ജോസഫ് പറഞ്ഞത്.

അതേസമയം, ഒട്ടേറെ സ്ത്രീകൾ ലൈംഗി കപീ ഡന ആരോപണങ്ങളുമായി രംഗത്തുവന്ന പശ്ചാത്തലത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഐ.ജി. സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കും. നാല് ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് സംഘം.

അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡി.ഐ.ജി. എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി. മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രമസമാധാനച്ചുമതലയുള്ള എ.ഐ.ജി. അജിത്ത് വി., ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനൻ എന്നിവരാണ് സംഘാംഗങ്ങൾ.

Vijayasree Vijayasree :